മെഡി. കോളജ് അത്യാഹിത വിഭാഗത്തിന് മുന്നിലെ അഴുക്കുചാൽ; കരാറുകാരന്​ അന്ത്യശാസനം

ഏഴു ദിവസത്തിനകം പൂർത്തിയാക്കണമെന്നാണ്​ നിർ​ദേശം മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിനു മുന്നിലെ പാതിവഴിയിൽ നിലച്ച അഴുക്കുചാൽ നിർമാണം ഏഴു ദിവസത്തിനകം പൂർത്തിയാക്കണമെന്ന് കരാറുകാരന് നഗരസഭയുടെ അന്ത്യശാസനം. പ്രവൃത്തി നിലച്ചത് ചർച്ച ചെയ്യാൻ മാത്രമായി ചേർന്ന അടിയന്തര കൗൺസിൽ യോഗത്തിലാണ് തീരുമാനം. അത്യാഹിത വിഭാഗം മുതല്‍ മെഡിക്കല്‍ കോളജിന്‍റെ പ്രവേശന കവാടം വരെയുള്ള പ്രവൃത്തിയാണ് പൂർത്തിയാക്കേണ്ടത്. അടുത്ത മൂന്നു ദിവസത്തെ പ്രവൃത്തി പൊതുമരാമത്ത് സ്ഥിരസമിതി നിരീക്ഷിക്കും. വെള്ളിയാഴ്ചതന്നെ നിര്‍മാണം പുനരാരംഭിക്കണം. അടുത്ത മൂന്നു ദിവസങ്ങളില്‍ വേഗത്തില്‍ നിര്‍മാണം നടന്നില്ലെങ്കില്‍ നാലാം ദിവസം മുതല്‍ പ്രവൃത്തി നേരിട്ട് നടത്താനും കൗണ്‍സിൽ തീരുമാനിച്ചു. ഇതിനായി മുനിസിപ്പൽ എൻജിനീയറെ ചുമതലപ്പെടുത്തി. അഴുക്കുചാൽ നിർമാണത്തിന്​ മണ്ണെടുത്തിട്ടും നിർമാണം പൂർത്തിയാകാത്തത്​ ആശുപത്രിയിലെത്തുന്നവർക്ക് ദുരിതമായിരുന്നു. പൊതുമരാമത്ത് മന്ത്രിയുടെ ഓഫിസിലേക്കും ജില്ല കലക്ടർക്കും അടക്കം പരാതി എത്തിയതോടെയാണ് പ്രശ്നം ചർച്ച ചെയ്യാൻ അടിയന്തര യോഗം ചേർന്നത്. യഥാസമയം പ്രവൃത്തി പൂർത്തിയാക്കാത്തതിനാൽ നഗരസഭക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് കരാറുകാരൻ വരുത്തിയതെന്ന് നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ യോഗത്തിൽ പറഞ്ഞു. 39 പ്രവൃത്തികൾ മാർച്ച് 31നകം പൂർത്തിയാക്കിയില്ല. ഇതോടെ 80 ലക്ഷത്തോളം രൂപ തനത് ഫണ്ടിൽനിന്ന്​ കണ്ടെത്തേണ്ട സ്ഥിതിയാണെന്നും അവർ പറഞ്ഞു. കഴിഞ്ഞ വർഷം ആഗസ്റ്റ് 16നാണ് നഗരസഭ കരാർ വെച്ചത്. 2022 ഫെബ്രുവരി 22 വരെ ആയിരുന്നു കാലാവധി. എന്നാൽ, പ്രവൃത്തി പൂർത്തിയായില്ല. സമയം നീട്ടിവാങ്ങിയില്ലെന്നും നോട്ടീസ് നൽകിയപ്പോൾ കഴിഞ്ഞ 10ന് മാത്രമാണ് രേഖാമൂലം മറുപടി നൽകിയതെന്നും എൻജിനീയർ പി. സതീഷ് കുമാർ പറഞ്ഞു. ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലേക്കുള്ള റോഡാണെന്ന ഗൗരവം ഉൾക്കൊണ്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കരാറുകാരനെ മാറ്റിനിർത്തി നഗരസഭ നേരിട്ട് പ്രവൃത്തി നടത്തണമെന്നായിരുന്നു യു.ഡി.എഫ് കൗൺസിലർമാർ വാദിച്ചത്. എന്നാൽ, നിലവിലെ കരാറുകാരനുതന്നെ കാലാവധി നീട്ടിനൽകണമെന്ന് വാർഡ് കൗൺസിലറും പ്രതിപക്ഷ അംഗങ്ങളും ആവശ്യപ്പെട്ടു. ഏറെനേരത്തെ ചർച്ചകൾക്കൊടുവിലാണ് ഏഴ് ദിവസത്തിനകം പൂർത്തിയാക്കണമെന്ന കർശന നിർദേശം നൽകാൻ തീരുമാനിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.