വേങ്ങര: അധ്യാപക സംഗമത്തിനിടെ ഗൃഹസന്ദർശനം നടത്തിയ അധ്യാപകരുടെ ഇടപെടലിലൂടെ വിദ്യാർഥിയുടെ എസ്.എസ്.എൽ.സി ബുക്ക് തിരിച്ചുകിട്ടി. കോവിഡ്കാലത്ത് കുടുംബം പ്രതിസന്ധിയിലായതോടെ പ്ലസ് ടു പഠനം മുടങ്ങിയ വേങ്ങര വലിയോറ ബി.ആർ.സിക്ക് സമീപം താമസിക്കുന്ന വാക്യതൊടിക സിനാനാണ് തന്‍റെ എസ്.എസ്.എൽ.സി ബുക്ക് തിരിച്ചെടുക്കാനായത്. ഫീസ് അടക്കാനാവാത്തതിനെ തുടർന്ന് പ്ലസ് ടു പഠനം മുടങ്ങുകയും പഠിച്ച സ്കൂളിൽനിന്ന് എസ്.എസ്.എൽ.സി ബുക്ക് തിരികെ ലഭിക്കാതാവുകയും ചെയ്ത് വിഷമിച്ചിരിക്കുമ്പോഴാണ് അധ്യാപകർ ഗൃഹസന്ദർശനത്തിന് സിനാന്റെ വീട്ടിലെത്തുന്നത്. ബി.ആർ.സിയിൽ പരിശീലനത്തിന് വന്ന മലയാളം അധ്യാപക കൂട്ടായ്മയിലെ ഒരുകൂട്ടം അധ്യാപകർ 'കുട്ടിയെ അറിയാൻ' പരിപാടിയുടെ ഭാഗമായാണ് സിനാന്‍റെ വീട് സന്ദർശിച്ചത്. കുടുംബത്തിന്‍റെ പ്രയാസങ്ങൾക്കിടെ ഇളയസഹോദരി സൈക്കിളിൽനിന്ന് വീണ് കാലിന് പരിക്കേറ്റത് ഇരട്ടപ്രഹരമായി. നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നേറ്റ് അധ്യാപകർ മടങ്ങി. ഗൃഹസന്ദർശന അനുഭവം പരിശീലന ക്ലാസിൽ വിശദീകരിച്ചതോടെ പരിഹാരത്തിന് വഴിതെളിഞ്ഞു. ക്ലാസിലുണ്ടായിരുന്ന അധ്യാപകർ സഹായഹസ്തം നീട്ടിയതോടെ കുടിശ്ശിക ഫീസ് അടക്കുകയും എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് പഠിച്ച സ്ഥാപനത്തിൽനിന്ന് സിനാൻ കൈപ്പറ്റുകയും ചെയ്തു. കാലിന് പരിക്കേറ്റ കുഞ്ഞിന് ചികിത്സക്കുള്ള തുകയും അധ്യാപകർ വീട്ടിലെത്തി കൈമാറി. എൻ. മഞ്ജുനാഥ്, ലത്തീഫ് കൊടിഞ്ഞി, ഹരി, കെ.എം. ഷീബ, ദീപ്ന ഗോപിനാഥ്, ബി. സൂരജ്, എം.പി. സിദ്ധാർഥൻ, പി.എം. ജയശ്രീ, കെ.കെ. ഷീജ, കെ.കെ. സാജിത എന്നിവരുടെ നേതൃത്വത്തിലെ വേങ്ങര ഉപജില്ല മലയാളം അധ്യാപക കൂട്ടായ്മയാണ് കുടുംബത്തിന് താങ്ങായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.