വടകര: അപ്പോളോ ജ്വല്ലറി നിക്ഷേപ തട്ടിപ്പുകേസിൽ വടകരയിൽ പരാതി 100 കവിഞ്ഞു. വടകരയിൽ മാത്രം നഷ്ടമായത് 9.5 കോടി രൂപയാണ്.അപ്പോളോ ഗോൾഡ് ഇൻവെസ്റ്റ്മെന്റ് സ്കീമുകളിൽ നിക്ഷേപിച്ച പണം നഷ്ടപ്പെട്ട നിരവധി പേരാണ് ദിനംപ്രതി പരാതിയുമായി സ്റ്റേഷനിലെത്തുന്നത്. വിദേശത്തേക്ക് കടന്ന പ്രതികൾക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
നിലവിൽ കേസ് ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. പൊലീസിന് ലഭിച്ച കേസുകളിൽ പകുതിയിലധികം ക്രൈംബ്രാഞ്ചിന് കൈമാറി. വിവാഹത്തിന് സ്വരൂപിച്ച പണവും സ്വത്തുക്കൾ വിറ്റു മടക്കമാണ് പലരും ജ്വല്ലറിയിൽ പണം നിക്ഷേപിച്ചത്. പേരാമ്പ്ര പൊലീസ് സ്റ്റേഷനിലും സമാന പരാതികളുണ്ട്.
ഒറ്റക്കേസായി രജിസ്റ്റർ ചെയ്താണ് പൊലീസ് കേസന്വേഷിക്കുന്നത്. ഒരു ലക്ഷം മുതൽ 50 ലക്ഷംവരെ നഷ്ടമായവരുണ്ട്. ഒരു കുടുംബത്തിലെ പിതാവ്, മാതാവ്, മക്കളടക്കം അഞ്ചുപേർ 40 ലക്ഷത്തിലധികം രൂപ നിക്ഷേപം നടത്തി പണം നഷ്ടമായെന്ന് തിങ്കളാഴ്ച നൽകിയ പരാതിയിൽ പറയുന്നു.
ജ്വല്ലറിയിൽ നിക്ഷേപിക്കുന്ന പണത്തിന് ഉയർന്ന ലാഭവിഹിതം വാഗ്ദാനം നൽകിയിരുന്നു. ആദ്യഘട്ടത്തിൽ നിക്ഷേപകർക്ക് ഒരു ലക്ഷം രൂപക്ക് 1000 രൂപ ലാഭവിഹിതം ലഭിച്ചിരുന്നു. ഇടക്കിടെ ജ്വല്ലറി മീറ്റിങ്ങുകൾ സംഘടിപ്പിച്ച് പലിശക്കെതിരെ വാതോരാതെ സംസാരിച്ച് ലാഭവിഹിതം ചൂണ്ടിക്കാട്ടിയാണ് നിക്ഷേപം നടത്തിച്ചതെന്ന് പണം നഷ്ടപ്പെട്ടവർ പറയുന്നു.
കോവിഡിനുശേഷം ജ്വല്ലറിയുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങൾ ലഭിക്കുന്നില്ലെന്ന് നിക്ഷേപകർ പറഞ്ഞു.സംസ്ഥാനത്ത് പല നിക്ഷേപ തട്ടിപ്പുകളിലും പ്രതികൾ വലയിലായപ്പോൾ അപ്പോളോ നിക്ഷേപ തട്ടിപ്പിൽ പ്രതികൾ കാണാമറയത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.