മുക്കം: മണ്ഡല പുനർനിർണയശേഷം തിരുവമ്പാടി മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം ലഭിച്ചത് ഇത്തവണ വിജയിച്ച യു.ഡി.എഫിലെ സി.കെ. കാസിമിന്. 6741 വോട്ടുകൾക്കാണ് അദ്ദേഹം സിറ്റിങ് എം.എൽ.എ ലിന്റോ ജോസഫിനെ പരാജയപ്പെടുത്തിയത്. 2008ലെ മണ്ഡല പുനർനിർണയ ശേഷം നാല് നിയമസഭ തിരഞ്ഞെടുപ്പുകളാണ് നടന്നത്. നേരത്തേ ഉണ്ടായിരുന്നതിൽനിന്നും കുറച്ചുകൂടി ഇടത് ചായ് വ് പ്രകടിപ്പിക്കുന്ന മണ്ഡലമായും 2008ന് ശേഷം തിരുവമ്പാടി മാറി. നേരത്തെയുണ്ടായിരുന്ന താമരശ്ശേരി, ഓമശ്ശേരി, കട്ടപ്പാറ ഉൾപ്പെടെ യു.ഡി.എഫിനെ തുണക്കുന്ന പഞ്ചായത്തുകൾ കൊടുവള്ളിയിലേക്ക് മാറി ഇടത് ആഭിമുഖ്യമുള്ള മുക്കം പഞ്ചായത്ത് കുന്ദമംഗലം മണ്ഡലത്തിൽനിന്നും തിരുവമ്പാടിയിലെത്തുകയും ചെയ്തു. മണ്ഡല പുനർനിർണയശേഷം ആദ്യ നിയമസഭ തെരഞ്ഞെടുപ്പ് നടന്നത് 2011ലാണ്. അന്ന് മുസ് ലിം ലീഗിലെ സി. മോയിൻകുട്ടി 3833 വോട്ടുകൾക്ക് വിജയിക്കുകയായിരുന്നു. തുടർന്ന് 2016ൽ നടന്ന തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ ജോർജ് എം. തോമസ് 3008 വോട്ടുകൾക്ക് വിജയിച്ചു. തുടർന്ന് 2021ൽ സി.പി.എമ്മിലെ ലിന്റോ ജോസഫ് 4643 വോട്ടുകൾക്കും വിജയിച്ചു.
ഇതിനെയെല്ലാം മറികടന്നാണ് 2026ൽ സി.കെ. കാസിം 6741 വോട്ടുകൾക്ക് വിജയിച്ചത്. തിരുവമ്പാടി മണ്ഡലത്തിൽ ആദ്യതെരഞ്ഞെടുപ്പ് നടന്നത് 1977ലാണ് അന്ന് യു.ഡി.എഫിലെ പി. സിറിയക് ജോൺ 3381 വോട്ടുകൾക്ക് വിജയിച്ചു. തുടർന്ന് 1980ൽ 6570ഉം 82ൽ 3320 വോട്ടുകൾക്കും സിറിയക് ജോൺ തന്നെ വിജയിച്ചു. 1987ൽ ഞ്ഞെടുപ്പിൽ പി.പി. ജോർജ് 15784 വോട്ടുകൾക്ക് വിജയിച്ചതാണ് ഏറ്റവും വലിയ ഭൂരിപക്ഷം. 2001ൽ നടന്ന തെരഞ്ഞെടുപ്പിൽ സി. മോയിൻകുട്ടി 15,676 വോട്ടിന്റെ ഭൂരിപക്ഷം നേടി. 87ലെ പി.പി. ജോർജിന്റെ ഭൂരിപക്ഷത്തിന് അടുത്തെത്തുകയും ചെയ്തു. തുടർന്ന് 2006ൽ നടന്ന തെരഞ്ഞെടുപ്പോട് കൂടിയാണ് മണ്ഡലം ഇടതുപക്ഷത്തേക്ക് അടുക്കുന്നത്. അന്ന് സി.പി.എമ്മിലെ മത്തായി ചാക്കോ 5479 വോട്ടുകളുടെ ഭൂരിപക്ഷം നേടിയത് ചരിത്രമായി മാറി. തുടർന്ന് അദ്ദേഹത്തിന്റെ മരണശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ 246 വോട്ടുകൾക്ക് സി.പി.എമ്മിലെ ജോർജ് എം. തോമസും മണ്ഡലത്തിൽനിന്ന് വിജയിച്ചു കയറി. തുടർന്ന് മണ്ഡല പുനർനിർണയശേഷം നടന്ന നാല് നിയമസഭ തെരഞ്ഞെടുപ്പുകളിൽ രണ്ട് തവണ എൽ.ഡി.എഫും രണ്ട് തവണ യു.ഡി.എഫും വിജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.