പ്രതീകാത്മക ചിത്രം
തിരുവമ്പാടി: പുഴകളും ജലസ്രോതസ്സുകളും വറ്റിവരണ്ടതോടെ മലയോര മേഖലയിൽ വരൾച്ച രൂക്ഷം. മലയോരത്തെ പ്രധാന ജലസ്രോതസായ ഇരുവഴിഞ്ഞി പുഴ നീരൊഴുക്കില്ലാത്ത അവസ്ഥയിലാണ്. കൃഷിയിടങ്ങൾ ഉണങ്ങി തുടങ്ങി. വാഴകൃഷിയെയാണ് വരൾച്ച കൂടുതൽ ദോഷകരമായി ബാധിച്ചത്. ജലസേചന സൗകര്യമുള്ള കർഷകർക്ക് പോലും കടുത്ത ചൂടിൽ കാർഷിക വിളകൾ നിലനിർത്താൻ കഴിയാത്ത സാഹചര്യമാണ്. നാളികേരം, അടക്ക ഉൽപാദനത്തെയും കത്തുന്ന വേനൽ ബാധിക്കുമെന്ന് കർഷകർ പറയുന്നു.
ഏപ്രിലിൽ വേനൽ മഴ ലഭിക്കാത്തതാണ് മലയോര കർഷകർക്ക് ദുരിതമായി മാറിയത്. കഴിഞ്ഞ വർഷം മാർച്ച് മാസത്തിൽ വേനൽ മഴ നന്നായി ലഭിച്ചിരുന്നു. തോടുകളും കിണറുകളും വറ്റിയതോടെ കുടിവെള്ള ക്ഷാമവും രൂക്ഷമായിരിക്കുകയാണ്. ഗ്രാമപഞ്ചായത്തുകൾ വാഹനങ്ങളിൽ കുടിവെള്ള വിതരണം തുടങ്ങിയിട്ടുണ്ട്. കുടിവെള്ളക്ഷാമം രൂക്ഷമായ ഗ്രാമപഞ്ചായത്തു വാർഡുകളിലാണ് ജല വിതരണം നടത്തുന്നത്. കുടിവെള്ള ക്ഷാമമുള്ള പ്രദേശവാസികൾ ഗ്രാമ പഞ്ചായത്ത് അംഗങ്ങളെ വിവരം അറിയിച്ചാൽ ജലവിതരണത്തിന് നടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചിട്ടുണ്ട്.
കൊട്ടിഘോഷിച്ച ജൽ ജീവൻ പദ്ധതിയിൽ മലയോര മേഖലയിൽ കുടിവെള്ള വിതരണം തുടങ്ങിയിട്ടില്ല. ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം കുറഞ്ഞ സ്ഥലങ്ങളിലായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. വേനൽ മഴ പെയ്യാൻ വൈകിയാൽ കുടിവെള്ള ക്ഷാമവും കാർഷിക വിളക്കെടുതിയും രൂക്ഷമായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.