പി.എ. മുഹമ്മദ് റിയാസ്
കോഴിക്കോട്: യുവത്വത്തെ നാളെയിലേക്ക് നയിക്കാനും വളർത്താനും പര്യാപ്തമായ വേദിയാണ് കഴിഞ്ഞ പത്തുവർഷമായി മാധ്യമം നടത്തുന്ന എജുകഫെയെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പതിനൊന്നാമത് മാധ്യമം എജുകഫെ ആസ്പിൻ കോർട്ടിയാർഡിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാവി എന്തെന്ന് യുവത്വം ചിന്തിക്കുകയും ആശങ്കപ്പെടുകയും ചെയ്യുന്നുണ്ട്, പ്രത്യേകിച്ച് ഉപരിപഠനം എങ്ങനെയാകണമെന്ന് ചിന്തിക്കുന്നുണ്ട്. തൊഴിൽ സാധ്യതകളെക്കുറിച്ചുള്ള കൺഫ്യൂഷൻ തീർത്ത് സൊലൂഷനിൽ എത്താൻ മാധ്യമം എജുകഫെയിലൂടെ സാധിക്കും. സാങ്കേതിക വിദ്യകളുടെ വികാസം വളരെ വേഗത്തിൽ നടക്കുന്ന കാലത്ത് ഇത്തരം പരിപാടികൾ ഏറെ ഉപകാരപ്രദമാണ്. സംസ്ഥാനത്ത് വലിയ മാറ്റം വിദ്യാർഥികളെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. വിദ്യാർഥികളുടെ കഴിവിനും താൽപര്യത്തിനും പ്രാധാന്യം കൊടുത്താണ് സംസ്ഥാന സർക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയിൽ മാറ്റംകൊണ്ടുവന്നിരിക്കുന്നത്. വിദ്യാർഥികളെ സാമൂഹിക പ്രതിബദ്ധതയുള്ളവരായി വളർത്തേണ്ട ബാധ്യതകൂടിയുള്ള കാലത്ത് മാധ്യമം ഏറ്റെടുത്ത ഉത്തരവാദിത്തം ഏറെ ശ്രദ്ധേയമാണെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, സർക്കാർ, എൻ.ജി.ഒകൾ തുടങ്ങി എല്ലാവർക്കും ആവശ്യമായ മെനു എജുകഫെയിൽ ഒരുക്കിയിട്ടുണ്ടെന്ന് അധ്യക്ഷതവഹിച്ച മാധ്യമം സി.ഇ.ഒ പി.എം. സാലിഹ് പറഞ്ഞു.
ഫ്യൂച്ചർ അക്കാഡമിക് ഡയറക്ടർ ഗീത പ്രസാദ്, അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ കെ.കെ ഷനോജ്, ഫ്യൂച്ചർ ഡയറക്ടർമാരായ ലിനീഷ് കോടിയാട്ട്, അഷിമ ജോഷി എന്നിവർ സംബന്ധിച്ചു. മാധ്യമം ഉപഹാരം മന്ത്രി പി.എ. മുഹമ്മദ് റിയാസിൽ നിന്ന് ഫ്യൂച്ചർ ടീം ഏറ്റുവാങ്ങി. ബ്രിഡ്ജിയോണിനുള്ള മാധ്യമം ഉപഹാരം സി.ഇ.ഒ ജാബിർ ഇസ്മായിലും മന്ത്രി പി.എ. മുഹമ്മദ് റിയാസിൽ നിന്ന് ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.