കോഴിക്കോട്: ഹൈമാസ്റ്റ്, ലോമാസ്റ്റ് വിളക്കുകൾ കണ്ണടച്ചതോടെ മെഡിക്കൽ കോളജ് കാമ്പസ് ഇരുട്ടിൽ. ഇതോടെ ആശുപത്രി പരിസരത്ത് സാമൂഹിക വിരുദ്ധരുടെ വിളയാട്ടമാണെന്നും പരാതിയുണ്ട്. വിളക്കുകളിൽ ഭൂരിഭാഗവും കണ്ണടച്ചിട്ട് മാസങ്ങൾ പിന്നിട്ടു.
ഇത് അറ്റകുറ്റപ്പണി നടത്തി പുനരുദ്ധരിക്കാൻ നടപടി സ്വീകരിക്കാത്തതാണ് പ്രതിസന്ധിയിലാക്കുന്നത്. ഇത് മെഡിക്കൽ കോളജിലേ ജീവനക്കാർക്കും ചികിത്സക്കെത്തുന്ന രോഗികൾക്കും സുരക്ഷാ ഭീഷണിയാവുകയാണ്.
രാപ്പകൽ വ്യത്യാസമില്ലാതെ സ്ത്രീകളും കുട്ടികളും അടക്കമുള്ള രോഗികളും കൂട്ടിരിപ്പുകാരും വനിതാ ജീവനക്കാരും സഞ്ചരിക്കുന്ന വഴികളാണ് ഇരുട്ട് മൂടിക്കിടക്കുന്നത്. രാത്രി കാലങ്ങളിൽ ഡ്യൂട്ടി കഴിഞ്ഞു മുടങ്ങുന്ന വനിതാ ജീവനക്കാർക്കെതിരേ സാമൂഹി വിരുദ്ധരുടെ ആക്രമണം ഉണ്ടാവുന്നത് പതിവാണ്.
പഴയ കാഷ്വാലറ്റി, ന്യായ വില മെഡിക്കൽ ഷോപ്, കെ.എസ്.ഇ.ബി ഓഫിസിന് മുൻവശം, കോഫിഹൗസിന് സമീപം, പ്രിൻസിപ്പൽ ഓഫിസിന് മുൻവശം, ഡെന്റൽ കോളജ് പരിസരം എന്നിവിടങ്ങളിൽ സ്ഥാപിച്ച ലൈറ്റുകളിൽ ഭൂരിഭാഗവും കത്തുന്നില്ല. ഇതിന്റെ മറവിൽ മേഷണം, പിടിച്ചുപറി എന്നിവ പതിവാണ്.
മയക്കുമരുന്ന സംഘം ആശുപത്രിപരിസരത്ത് താവളമടിക്കാനും ഇതിടയാക്കുന്നു. രാത്രി കാലങ്ങളിൽ മയക്കുമരുന്ന് സംഘവും ഈ ഇരുട്ടിനെ മറയാക്കി വ്യാപാരം പൊടിപൊടിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച ഡെന്റൽ കോളജിന്റെ അടുക്കള ഭാഗത്ത് സുരക്ഷാ ജീവനക്കാർക്കെതിരേ മയക്കുമരുന്ന മാഫിയാ സംഘം കല്ലെറിയുകയും സംഘർഷത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.
കൺട്രോൾ റൂമിൽ അടക്കം പൊലീസിനെ വിളിച്ചിട്ടും ഏറെ സമയം കഴിഞ്ഞാണ് പൊലീസ് എത്തിയതെന്നും ജീവനക്കാർ പറഞ്ഞു.
കോഴിക്കോട്: മെഡിക്കല്‍ കോളജ് കാമ്പസിൽ രാത്രി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന വനിത ജൂനിയര്‍ ഡോക്ടറെ കാറിലെത്തിയ സംഘം അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.
ഡ്യൂട്ടി കഴിഞ്ഞ് പി.ജി ന്യൂ ഹോസ്റ്റലിലേക്ക് പോകുമ്പോഴായിരുന്നു വനിത ഡോക്ടറെ കാറിൽ സംഘം പിന്തുടരുകയും കാറിലേക്ക് കയറാന്‍ ആവശ്യപ്പെടുകയും ചെയ്തത്. മുന്നോട്ടുനടന്ന ഡോക്ടറെ വീണ്ടും പിന്തുടർന്നുവെന്നും ഡോക്ടര്‍ ഉടന്‍ തന്നെ സമീപത്തെ മറ്റൊരു ഹോസ്റ്റലിലേക്ക് കയറി രക്ഷപ്പെടുകയായിരുന്നുവെന്നും മെഡിക്കൽ കോളജ് അധികൃതർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി വൈസ് പ്രിൻസിപ്പൽ വെള്ളിയാഴ്ച മെഡി.കോളജ് ജീവനക്കാരുടേയും വിദ്യാര്‍ഥികളുടേയും വിപുലമായ യോഗം വിളിച്ചു. സംഭവത്തെ തുടർന്ന് വിദ്യാർഥികൾ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.