മുഹമ്മദ് ഷഹീന്റെ മൃതദേഹം ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ
കൊടുവള്ളി: ഇന്നലെ വരെ കളിചിരികളുമായി ഒപ്പമുണ്ടായിരുന്ന പ്രിയ കൂട്ടുകാരൻ. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവു പുലർത്തി അധ്യാപകരുടെയും സഹപാഠികളുടെയും പ്രിയങ്കരനായിരുന്ന മുഹമ്മദ് ഷഹീൻ ഇനി ഓർമ. ചെറുപുഴയുടെ കയത്തിൽ പൊലിഞ്ഞ പതിനഞ്ചുകാരന് സഹപാഠികളും അധ്യാപകരും നാട്ടുകാരും കുടുംബാംഗങ്ങളും കണ്ണീരോടെ വിട നൽകി.
മടവൂർ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയും കരീറ്റിപ്പറമ്പ് വീട്ടിൽ ഓട്ടോ ഡ്രൈവർ കെ.പി. ഹംസയുടെ മകനുമായ മുഹമ്മദ് ഷഹീന്റെ (15) അപ്രതീക്ഷിത വേർപാട് നാടിനെയാകെ ദുഃഖത്തിലാഴ്ത്തി. പഠനത്തിലും വിവിധ പാഠ്യേതര മേഖലകളിലും മികവ് തെളിയിച്ചിരുന്ന ഷഹീൻ സ്കൂളിലെ സജീവ സാന്നിധ്യമായിരുന്നു. നബിദിനാഘോഷ പരിപാടികളിലും സജീവമായി പങ്കെടുത്തിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഉച്ചക്ക് 1.15 ഓടെയാണ് മൃതദേഹം ഷഹീൻ പഠിച്ച ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിലെത്തിച്ചത്. പ്രിയ കൂട്ടുകാരന്റെ ചേതനയറ്റ ശരീരം കണ്ട് സഹപാഠികൾ പലരും വിതുമ്പി. അധ്യാപകരും വിദ്യാർഥികളും സ്കൂൾ ജീവനക്കാരും നാട്ടുകാരുമുൾപ്പെടെ നിരവധി പേരാണ് അവസാനമായി ഷഹീനെ കാണാനും അന്ത്യോപചാരം അർപ്പിക്കാനുമായി സ്കൂളിലെത്തിയത്. സ്കൂളിൽ മയ്യിത്ത് നമസ്കാരവും നടന്നു.
ഇന്നലെ വരെ ക്ലാസ് മുറികളിലും സ്കൂൾ മുറ്റത്തും കൂട്ടുകാർക്കൊപ്പം നിറഞ്ഞുനിന്ന ഷഹീന്റെ ഓർമകൾ പലരുടെയും കണ്ണുകൾ ഈറനണിയിച്ചു. തുടർന്ന് മൃതദേഹം 1.45 ഓടെ കരീറ്റിപ്പറമ്പിലുള്ള വീട്ടിലെത്തിച്ചു. വീട്ടുമുറ്റത്തും ദുഃഖം തളംകെട്ടി. പ്രിയപ്പെട്ട മകന്റെ വിയോഗത്തിൽ വിതുമ്പുന്ന കുടുംബത്തെ ആശ്വസിപ്പിക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ഒഴുകിയെത്തി. സഹപാഠികളും അധ്യാപകരും അവസാനമായി ഷഹീനെ കാണാനെത്തിയപ്പോൾ നാടിന്റെ വേദന ഒന്നാകെ ആ വീട്ടുമുറ്റത്ത് നിറഞ്ഞു. 2.15 ഓടെ ജുമാ മസ്ജിദിൽ മയ്യിത്ത് നമസ്കാരത്തിന് ശേഷം ഖബറടക്കി.
നാടാകെ ഓണവും നബിദിനവും ആഘോഷിക്കുന്നതിനിടെയാണ് വെള്ളിയാഴ്ച വൈകീട്ട് 3.45ഓടെ നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. രണ്ട് കൂട്ടുകാർക്കൊപ്പമാണ് ഷഹീൻ മാനിപുരം പാലത്തിന് സമീപത്തെ ചെറുപുഴയിലെ ഇരുമ്പോത്ത് കടവിൽ കുളിക്കാനെത്തിയത്. ശക്തമായ ഒഴുക്കിൽപ്പെട്ടതോടെ ഷഹീൻ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന കുട്ടികൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും അടിയൊഴുക്കും വലിയ പാറക്കെട്ടുകളും ആഴവുമുള്ള കടവിൽ ശ്രമം വിജയിച്ചില്ല. സംഭവത്തിൽ ഭയന്ന കുട്ടികൾ സമീപത്തെ വീടുകളിലെത്തി വിവരം അറിയിക്കുകയായിരുന്നു.വിവരമറിഞ്ഞതോടെ നാട്ടുകാരും സന്നദ്ധ പ്രവർത്തകരും പൊലീസും അഗ്നിരക്ഷ സേനയും മുങ്ങൽ വിദഗ്ധ സംഘവും സ്ഥലത്തെത്തി. പുഴയുടെ വിവിധ ഭാഗങ്ങളിൽ ഏറെ നേരം തിരച്ചിൽ നടത്തി. ഒഴുക്കിന്റെ ശക്തിയും പുഴയിലെ ആഴവും തിരച്ചിലിന് വെല്ലുവിളിയായി.ഒടുവിൽ ഷഹീൻ ഒഴുക്കിൽപ്പെട്ട ഇരുമ്പോത്ത് കടവിൽനിന്ന് ഏകദേശം 20 മീറ്റർ താഴെ വെള്ളത്തിൽ മുങ്ങിത്താഴ്ന്ന നിലയിൽ നാട്ടുകാരായ സന്നദ്ധപ്രവർത്തകരാണ് വൈകീട്ട് 5.30ഓടെ മൃതദേഹം കണ്ടെത്തിയത്. ഓണവും നബിദിനവും ഒരുമിച്ച് ആഘോഷിച്ചിരുന്ന നാടിന് മണിക്കൂറുകൾക്കകം ആഘോഷം കണ്ണീരായി മാറുകയായിരുന്നു. സ്കൂളിൽ കൂട്ടുകാർക്കൊപ്പം പങ്കിട്ട ചിരികളും സൗഹൃദവും നബിദിനാഘോഷങ്ങളിൽ നിറഞ്ഞുനിന്ന സാന്നിധ്യവുമെല്ലാം ഇനി സഹപാഠികൾക്ക് ഓർമ മാത്രം. ചെറുപുഴയുടെ ആഴത്തിൽ പൊലിഞ്ഞത് ഒരു പതിനഞ്ചുകാരന്റെ ജീവനൊപ്പം ഒരു കുടുംബത്തിന്റെ പ്രതീക്ഷയും ഒരു കൂട്ടം കൂട്ടുകാരുടെ പ്രിയപ്പെട്ട കൂട്ടുകാരനെയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.