ചിൽഡ്രൻസ് ഹോമിലെ സി.സി.ടി.വി കാമറ പ്രവർത്തനരഹിതമാക്കി

കോഴിക്കോട്: വെള്ളിമാടുകുന്ന് ഗവ. ചിൽഡ്രൻസ് ഹോമിലെ സി.സി.ടി.വി കാമറകൾ പ്രവർത്തന രഹിതമാക്കി. ചിൽഡ്രൻസ് ഹോമിലെ അന്തേവാസികളായ കുട്ടികൾതന്നെയാണ് കാമറയുടെ കണക്ഷൻ വയറുകൾ പൊട്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച രാവിലെയാണ് സംഭവം ഹോം അധികൃതരുടെ ശ്രദ്ധയിൽപെട്ടത്. ചിൽഡ്രൻസ് ഹോമിലെ കാമറയുടെ കണക്ഷനാണ് നശിപ്പിച്ചത്. സംഭവത്തിൽ ഹോം സൂപ്രണ്ട് ചേവായൂർ പൊലീസിൽ പരാതി നൽകി.

10 ദിവസങ്ങൾക്ക് മുമ്പാണ് ചിൽഡ്രൻസ് ഹോമിൽ 17 കാമറകൾ സ്ഥാപിച്ചത്. ഹോമിൽനിന്ന് ആറു പെൺകുട്ടികൾ അധികൃതരുടെ കണ്ണുവെട്ടിച്ച് ഇറങ്ങിപ്പോയതിനെ തുടർന്ന് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കാമറകൾ സ്ഥാപിച്ചത്. കാമറയുടെ കണക്ഷൻ ചിൽഡ്രൻസ് ഹോം അധികൃതർ തന്നെ ശരിയാക്കിയിട്ടുണ്ട്.

ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിലാണ് ചിൽഡ്രൻസ് ഹോമിൽനിന്ന് ആറു പെൺകുട്ടികൾ ചാടിപ്പോയത്. ഹോം അന്തേവാസികളുടെ റിപ്പബ്ലിക്ദിന പരേഡ് കഴിഞ്ഞ ഉടനായിരുന്നു സംഭവം. കുട്ടികൾ പോയത് അധികൃതർ അറിഞ്ഞപ്പോഴേക്കും ഇവർ ബംഗളൂരുവിൽ എത്തിയിരുന്നു. പൊലീസ് അവിടെ എത്തിയപ്പോഴേക്കും നാലു കുട്ടികൾ രക്ഷപ്പെടുകയും രണ്ടുപേർ പിടിയിലാവുകയും ചെയ്തു. ബാക്കി നാലുപേരെ പിന്നീട് നിലമ്പൂരിൽനിന്നാണ് പിടികൂടിയത്. നിലമ്പൂർ സ്വദേശിയായ യുവാവിനെ കാണാനെത്തിയതായിരുന്നു കുട്ടികൾ.

ഇദ്ദേഹമാണ് ഇവർക്ക് യാത്രക്കുള്ള പണം അയച്ചുനൽകുകയും മറ്റും ചെയ്തത്. കൂടാതെ, കെ.എസ്.ആർ.ടി.സി കണ്ടക്ടർ, റെയിൽവേ സ്റ്റേഷനിൽനിന്ന് പരിചയപ്പെട്ടയാൾ എന്നിവരും ഇവർക്ക് സാമ്പത്തിക സഹായം നൽകിയിരുന്നു. ബംഗളൂരുവിൽ രണ്ടുപേർ ഇവരെ ഹോട്ടലിൽ താമസിപ്പിക്കാൻ കൊണ്ടുപോയതിനെ തുടർന്ന് പൊലീസ് പിടിയിലായിരുന്നു.

ചിൽഡ്രൻസ് ഹോമിൽ സ്വാതന്ത്ര്യമില്ലെന്നാണ് ഇറങ്ങിപ്പോയതിന് കുട്ടികൾ കാരണം പറഞ്ഞത്. കുട്ടികളെ അവരുടെ രക്ഷിതാക്കളുടെ കൂടെ വിട്ടിരുന്നെങ്കിലും ചിലർ തിരിച്ചു വന്നു. ഈ സംഭവത്തിനുശേഷമാണ് ചിൽഡ്രൻസ് ഹോമിൽ സി.സി.ടി.വി കാമറ സ്ഥാപിച്ചത്.

Tags:    
News Summary - The CCTV camera in the children's home was disabled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.