ബൈക്ക് റേസിങ്ങിനൊരുങ്ങുന്ന ജപിൻ (ഫയൽ ചിത്രം)

പൂനൂരിനെ ദുഃഖത്തിലാഴ്ത്തി ജപിന്‍റെ വേർപാട്

പൂനൂർ: ശ്രദ്ധേയനായ യുവ ബൈക്ക് റൈഡറുടെ മരണം നാടിനെ ദുഃഖത്തിലാഴ്ത്തി. പൂനൂർ 19 വള്ളിൽവയൽ കുന്നുമ്മൽകണ്ടി 'ജെ.പി ഭവനി'ൽ ജപിൻ ജയപ്രകാശാണ് (37) കഴിഞ്ഞ ദിവസം യു.എ.ഇയിലെ ഫുജൈറ ദിബ്ബയിൽ ബൈക്കപകടത്തിൽ മരിച്ചത്. ചെറുപ്പംമുതലേ ബൈക്ക് റേസിങ്ങിൽ താൽപര്യമുണ്ടായിരുന്ന ജപിൻ അന്തർദേശീയ മത്സരങ്ങളിലടക്കം പങ്കെടുത്തിട്ടുണ്ട്.

സുഹൃത്തുക്കൾക്കൊപ്പം യാത്ര പോകുന്നതിനിടെ റോഡിൽവെച്ച് ബൈക്ക് തെന്നിമറിഞ്ഞ് കൈവരിയിലിടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. യു.എ.ഇയിലെ ബൈക്ക് റേസ് മത്സരങ്ങളിലും ബൈക്ക് റൈഡ് കൂട്ടായ്മകളിലും സജീവ സാന്നിധ്യമായിരുന്നു ഇദ്ദേഹം. 13 വർഷമായി ഗൾഫിൽ ജോലിചെയ്യുന്ന ജപിൻ, ദുബൈയിൽ കുടുംബസമേതം താമസമായിരുന്നു.

പിതാവ്: പരേതനായ ജയപ്രകാശ് (വിവേകാനന്ദ ട്രാവൽസ്). മാതാവ്: പ്രേമകുമാരി. ഭാര്യ: ഡോ. അഞ്ജു ജപിൻ. മക്കൾ: ജീവ ജപിൻ, ജാൻ ജപിൻ. സഹോദരങ്ങൾ: ജസിത, ജഗത്ത്.

മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമംതുടങ്ങിയിട്ടുണ്ട്. തിങ്കളാഴ്ച മൃതദേഹം വിട്ടുകിട്ടുമെന്ന പ്രതീക്ഷയിലാണെന്ന് യു.എ.ഇയിലെ സാമൂഹിക പ്രവർത്തകർ അറിയിച്ചു. ജപിന്റെ ഭാര്യയും മക്കളും നാട്ടിലെത്തിയിട്ടുണ്ട്.

ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ അറ്റസ്റ്റേഷൻ സർവിസായ ഐ.വി.എസിലെ ജീവനക്കാരനായിരുന്ന ജപിൻ അടുത്തിടെ ജോലി രാജിവെച്ച് സ്വന്തമായി ബിസിനസ് തുടങ്ങാനുള്ള ശ്രമത്തിലായിരുന്നു. ഇപ്പോൾ ആറു മാസം പ്രായമുള്ള മകനെ കാണാനായി നാട്ടിൽ വന്ന് തിരിച്ചുപോയിട്ട് മൂന്ന് മാസമായിട്ടേയുള്ളൂ. ജപിന്റെ മാതാവ് പ്രേമ ഞായറാഴ്ച മക‍ന്റെ അടുത്തേക്ക് യാത്രതിരിക്കാനിരിക്കേയാണ് ദുരന്തവാർത്തയെത്തിയത്. പിതാവ് ജയപ്രകാശും പിതൃസഹോദരനും 13 വർഷം മുമ്പ് കാറപകടത്തിൽ മരിച്ചിരുന്നു.


Tags:    
News Summary - Poonoor Saddened by the news of Japin's passing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.