ഇ.എം.എസ് റിലീഫ് ട്രസ്​റ്റ്​ പ്രവർത്തകരുടെ ചേനകൃഷി

ഇവരുടെ അധ്വാനം ലാഭത്തിനല്ല; കാരുണ്യത്തിന്

പന്തീരാങ്കാവ്: കാരുണ്യ പ്രവർത്തനത്തിന് ധനസമാഹരണത്തിനായി പുതുവഴി തേടുകയാണ് വെള്ളായിക്കോട് പുറ്റേക്കടവിലെ ഒരുപറ്റം യുവാക്കൾ. വയലുകളിലും പറമ്പുകളിലും കൃഷിയിറക്കി അതിൽനിന്നുള്ള ലാഭം ചികിത്സ ധനസഹായമുൾപ്പെടെ സാമൂഹിക പ്രവർത്തനത്തിന് ഉപയോഗിക്കുകയാണ്​ വെള്ളായിക്കോട് ഇ.എം.എസ് ചാരിറ്റബ്​ൾ ട്രസ്​റ്റ്​​ പ്രവർത്തകർ. വയലുകളിലും പറമ്പുകളിലും തരിശുഭൂമിയിലുമായി ഒരു വർഷത്തോളമായി വിവിധതരം കൃഷികൾ നടത്തിയാണ് ട്രസ്​റ്റ്​ പ്രവർത്തനത്തിനുള്ള ധനസമാഹരണം നടത്തുന്നത്.

ഒരേക്കറിൽ പച്ചക്കറി കൃഷി നടത്തിയാണ് തുടക്കം. ഇളവൻ, കൈപ്പ, പയർ, പീച്ചിങ്ങ, ചീര തുടങ്ങിയവയാണ് കൃഷി ചെയ്തത്. വിഷുവിനോടനുബന്ധിച്ച് പ്രദേശത്തെ 300ഓളം വീടുകളിൽ കിറ്റുകൾ വിതരണം ചെയ്തത് ഇവിടെനിന്ന്​ വിളവെടുത്ത പച്ചക്കറികളാണ്. പച്ചക്കറി കൃഷിയിലെ വിജയമാണ് മഞ്ഞൾ കൃഷി ചെയ്യാൻ പ്രേരിപ്പിച്ചത്. തുടർന്ന് ഒരേക്കർ ഭൂമിയിൽ കപ്പകൃഷിയുമിറക്കി. എട്ടു മാസംകൊണ്ട് പറിച്ചെടുക്കാവുന്ന ദിവാൻ കൊമ്പുകളാണ് കൃഷിക്ക് ഉപയോഗിച്ചത്.

പുറ്റേക്കടവ് -കുഴിമ്പാട്ടിൽ റോഡിനോട് ചേർന്ന് ചേനകൃഷി തുടങ്ങിയിട്ടുണ്ട്. ഒഴിവ് സമയങ്ങളിലാണ് ട്രസ്​റ്റ്​ പ്രവർത്തകർ കൃഷി പരിചരണത്തിനിറങ്ങുന്നത്. മഴ ഒഴിയുന്നതോടെ നേന്ത്രവാഴകൃഷിയും തുടങ്ങുന്നുണ്ട്.ചികിത്സ സഹായം, മരുന്ന് വിതരണം, കിടപ്പിലായ രോഗികൾക്ക് ഭക്ഷണം, ക്വാറൻറീനിലുള്ളവർക്ക്​ ഭക്ഷണ കിറ്റ് തുടങ്ങിയവക്കെല്ലാം ധനസമാഹരണം നടത്തുന്നത് കൃഷിയിൽനിന്നുള്ള വരുമാനംകൊണ്ടാണ്. സി.കെ. രാജേഷ് (സെക്ര), കെ. ഷാജി (പ്രസി), കെ. സുധീർ (ട്രഷ) എന്നിവരാണ് ഭാരവാഹികൾ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.