മഞ്ഞപ്പള്ളി മൈതാനം അളക്കാനുള്ള നീക്കം സമരസമിതി
പ്രവർത്തകർ തടയുന്നു
നാദാപുരം: വളയം പഞ്ചായത്ത് ഒന്നാം വാർഡിലെ മഞ്ഞപ്പള്ളി മൈതാനം അളക്കാനുള്ള സ്വകാര്യ വ്യക്തികളുടെ ശ്രമം സമരസമിതി നേതൃത്വത്തിൽ തടഞ്ഞു. തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് സ്വകാര്യ സർവേയറുമായി ഭൂമി അളക്കാൻ ഭൂമിയുടെ അവകാശികളെന്ന പേരിൽ ചിലർ ശ്രമിച്ചത്. എന്നാൽ, ഈ നീക്കം സമരസമിതി ഭാരവാഹികളായ കെ.പി. കുമാരൻ, വി.പി. സജീവൻ, സജു വണ്ണാർകണ്ടി, പാറയിടുക്കിൽ കുമാരൻ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ സംഘടിച്ചു തടയുകയായിരുന്നു.
ഭൂമിയിൽ അവകാശമുണ്ടെന്ന് അവകാശപ്പെട്ടാണ് പ്രദേശത്തെ മുപ്പതോളം വരുന്ന കുടുംബാംഗങ്ങൾ സ്ഥലത്ത് അളവിന് ശ്രമം നടത്തിയത്. മൂന്നര ഏക്കർ വിസ്തീർണമുള്ള കളിസ്ഥലം ഉൾപ്പെടെയുള്ള പൊതുസ്ഥലം കൈവശപ്പെടുത്താൻ ചില സ്വകാര്യ വ്യക്തികളും ഭൂമാഫിയയും ശ്രമം നടത്തിവരുകയാണെന്നാണ് സമരക്കാർ പറയുന്നത്. ഇതിനെതിരെ പഞ്ചായത്ത് നേതൃത്വത്തിൽ സർവകക്ഷി യോഗം ചേർന്ന് മൈതാനം സംരക്ഷിക്കാൻ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു.
ഭൂമി സംബന്ധിച്ച് കോടതിയിൽ കേസും നടന്നുവരുന്നുണ്ട്. പൊതുസ്വത്ത് സംരക്ഷിക്കാനും നിയമവിരുദ്ധമായി ഭൂമി കൈയേറാനുള്ള നീക്കം ചെറുത്തുതോൽപിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.