കോഴിക്കോട് ആസ്പിൻ കോർട്ട് യാർഡിൽ മാധ്യമം എജു കഫേക്ക് എത്തിയ സദസ്സ്
കോഴിക്കോട്: വിദ്യാർഥികൾക്ക് ഭാവിയെ കാണാനുള്ള വാതിൽ തുറന്ന് പതിനൊന്നാമത് മാധ്യമം എജുകഫെക്ക് ഉജ്ജ്വല തുടക്കം. തുടർ വിദ്യാഭ്യാസത്തെക്കുറിച്ചും ജോലിയെക്കുറിച്ചും ആശങ്കപ്പെട്ട വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പരിഹാരമായാണ് രണ്ടുദിവസം നീണ്ടുനിൽക്കുന്ന മാധ്യമം എജുകഫെക്ക് കോഴിക്കോട് ബീച്ച് ആസ്പിൻ കോർട്ട് യാർഡിൽ തുടക്കമായത്.
കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ-കരിയർ മേളയായ ‘മാധ്യമം എജുകഫെ’യുടെ വിവിധ സെഷനുകളിൽ പങ്കെടുത്ത വിദഗ്ധരായവരുടെ വാക്കുകളും അനുഭവങ്ങളും വഴിവെളിച്ചമാക്കി ആദ്യദിനം മടങ്ങിയത് ആയിരക്കണക്കിന് വിദ്യാർഥികളും രക്ഷിതാക്കളുമാണ്.
എൻജിനീയറിങ്, മെഡിക്കൽ, ബിസിനസ് മാനേജ്മെന്റ്, ഐ.ടി, ഡേറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷൽ ഇന്റലിജൻസ് തുടങ്ങി വിവിധ പഠന മേഖലകളെ ഒരേ വേദിയിൽ പരിചയപ്പെടാനും സംശയ ദൂരീകരണത്തിനുമുള്ള വേദിയുണർന്നപ്പോൾ വിദ്യാർഥികളും രക്ഷിതാക്കളും അനുഭവിച്ച മാനസിക സന്തോഷത്തിന് അതിരുകളില്ലായിരുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ സ്ഥാപനങ്ങളുടെയും സർവകലാശാലകളുടെയും സ്റ്റാളുകൾ, സൈബർ സുരക്ഷ ഫൗണ്ടേഷൻ സ്ഥാപകനും പ്രമുഖ സൈബർ അഭിഭാഷകനുമായ ജിയാസ് ജമാൽ നയിച്ച സൈബർ സെക്യൂരിറ്റി സെഷൻ, ബികമിങ് വെൽനസ് ഫൗണ്ടറും നടിയും ലൈഫ് കോച്ചുമായ അശ്വതി ശ്രീകാന്ത് നയിച്ച വെൽനസ് സെഷൻ, വിദ്യാഭ്യാസ വിചക്ഷണനും നീലഗിരി ആർട്സ് ആൻഡ് സയൻസ് കോളജ് മേധാവിയുമായ ഡോ. റാഷിദ് ഗസ്സാലിയുടെ സെഷൻ, പഠനത്തിലും ജീവിതത്തിലും ഉയർച്ച നേടാനുള്ള ആത്മവിശ്വാസം പകർന്ന ബ്രാൻഡ് സ്വാമിയുടെ സെഷൻ, സി. മുഹമ്മദ് അജ്മലിന്റെ ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ തൊഴിൽ സാധ്യതകളും കോഴ്സുകളും പരിചയപ്പെടുത്തിയുള്ള സെഷൻ, ഫ്യൂച്ചർ അക്കാദമിക് വിദഗ്ധരായ ലിനീഷ് കൊടിയാട്ട്, റിജു ശങ്കർ, ഫമീൽ മുഹമ്മദ് എന്നിവർ പങ്കെടുത്ത ‘മീറ്റ് ദ മാസ്റ്റേഴ്സ്’ പാനൽ ചർച്ചയും ഏറെ ആകർഷകമായി.
വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചും കോഴ്സുകളെക്കുറിച്ചും കൃത്യമായ അറിവു പകരുന്ന സെഷനുകളും പഠനത്തിലും ജീവിതത്തിലും ഉയർച്ച നേടാനുള്ള ടോക്കുകളും കുട്ടികളിൽ ആത്മവിശ്വാസം പകർന്നു. കൺഫ്യൂഷൻ വേണ്ട ഫ്യൂച്ചർ സെറ്റാണ് എന്ന ടാഗ് ലൈനോടെ ആരംഭിച്ച മാധ്യമം എജുകഫെയുടെ സ്റ്റാളുകളിലും വൻ തിരക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.