കുന്ദമംഗലത്ത് വില്ലേജ് ഓഫിസറില്ല; പൊതുജനം ദുരിതത്തിൽ

കുന്ദമംഗലം: വില്ലേജ് ഓഫിസറും ആവശ്യത്തിന് ജീവനക്കാരുമില്ലാതെ കുന്ദമംഗലം വില്ലേജ് ഓഫിസ്. കാരന്തൂരിൽ പ്രവർത്തിക്കുന്ന വില്ലേജ് ഓഫിസിൽ ഓഫിസർ ഇല്ലാത്തതിനാൽ ആഴ്ചകളായി വിവിധ ആവശ്യങ്ങൾക്കെത്തുന്ന പൊതുജനം ദുരിതത്തിലാണ്.

സ്ഥിരം വില്ലേജ് ഓഫിസർ ഇല്ലാത്തത് ഓഫിസിന്റെ ദൈനംദിന പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വില്ലേജ് ഓഫിസർ അവധിയിൽ പ്രവേശിച്ചതോടെ ചെലവൂർ വില്ലേജ് ഓഫിസർക്കാണ് പകരം ചുമതല. എന്നാൽ, ഏതൊക്കെ ദിവസങ്ങളിൽ പകരക്കാരൻ ഓഫിസർ ഉണ്ടാകുമെന്ന കാര്യത്തിൽ നാട്ടുകാർക്കും ജീവനക്കാർക്കും വ്യക്തതയില്ല.

ജില്ലയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയും വിസ്തീർണവുമുള്ള രണ്ട് വില്ലേജുകളാണ് കുന്ദമംഗലവും ചെലവൂരും. ഈ വില്ലേജുകൾ വിഭജിച്ച് പുതിയ വില്ലേജ് രൂപവത്കരിച്ച് ജനങ്ങളുടെ ദുരിതം പരിഹരിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

അധികചുമതലയുള്ള വില്ലേജ് ഓഫിസർക്ക് ചെയ്തുതീർക്കാൻ കഴിയുന്നതിലും അധികം ജോലി ഉള്ളതിനാൽ സ്ഥിരം വില്ലേജ് ഓഫിസറെ നിയമിക്കണമെന്നാണ് ആവശ്യം. വിവിധ രേഖകൾക്ക് ഓഫിസിൽ എത്തുന്നവർക്ക് വില്ലേജ് ഓഫിസർ ഇല്ലാത്തതുമൂലം പലതവണ ഓഫിസ് കയറിയിറങ്ങേണ്ട അവസ്ഥയാണ്.

വില്ലേജ് ഓഫിസർക്ക് പകരം സ്‌പെഷൽ വില്ലേജ് ഓഫിസറെ നിയമിച്ചിരുന്നുവെന്നും അദ്ദേഹം അപകടത്തിൽ പരിക്കേറ്റു ചികിത്സയിലാണെന്നും നിലവിലെ വില്ലേജ് ഓഫിസർ അവധികഴിഞ്ഞ് അടുത്തദിവസം ജോലിയിൽ പ്രവേശിക്കുമെന്നും തഹസിൽദാർ 'മാധ്യമ'ത്തോട് പറഞ്ഞു.

വില്ലേജ് വിഭജിച്ച് പുതിയ വില്ലേജ് രൂപവത്കരിക്കുകയോ സ്ഥിരം വില്ലേജ് ഓഫിസറെ നിയമിക്കുകയോ വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Tags:    
News Summary - There is no village officer in Kunnamangalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.