കുന്ദമംഗലം: പഞ്ചായത്തിൽ ഒടുവിൽ സെക്രട്ടറി എത്തി. നാല് മാസത്തിലേറെയായി കുന്ദമംഗലം പഞ്ചായത്തിൽ സെക്രട്ടറി ഇല്ലാതായിട്ട്. സെക്രട്ടറിയുടെയും മറ്റ് ജീവനക്കാരുടെയും കുറവുമൂലം പൊതുജനത്തിന്റെ ദുരിതം ‘മാധ്യമം’ ദിവസങ്ങൾക്ക് മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് വിവിധ രാഷ്ട്രീയ പാർട്ടികളുടെയും മറ്റും പ്രതിഷേധ പരിപാടികൾ പഞ്ചായത്ത് ഓഫിസിന് മുന്നിൽ നടന്നു.
സെക്രട്ടറി ഇല്ലാത്തതിനാൽ വിവിധ ഫയലുകൾ പെൻഡിങ് ആകുന്ന അവസ്ഥയുണ്ടായി. ലീവിൽ ആയിരുന്ന സെക്രട്ടറി കഴിഞ്ഞ ദിവസമാണ് എത്തിയത്. മറ്റ് തസ്തികകളിലെ ഒഴിവ് ഇപ്പോഴും നികത്താതെ കിടക്കുകയാണ്. യു.ഡി ക്ലർക്ക്, ഓഫിസ് അസിസ്റ്റന്റ്, എൽ.ഡി ക്ലർക്ക് തസ്തികകളിലാണ് ഉദ്യോഗസ്ഥർ ഇല്ലാത്തത്. നേരത്തെ ഈ തസ്തികകളിൽ ഉണ്ടായിരുന്നവർ ട്രാൻസ്ഫർ ആയതിനാലാണ് ഒഴിവ് വരാൻ കാരണം.
സെക്രട്ടറി ലീവ് ആയപ്പോൾ ചുമതല അസി. സെക്രട്ടറിക്കായിരുന്നു. സെക്രട്ടറിയുടേത് കൂടാതെ മറ്റ് മൂന്നോളം ഒഴിവുകളും ഉണ്ടായപ്പോൾ അസി. സെക്രട്ടറിയും മറ്റ് ഉദ്യോഗസ്ഥരും ഫയലുകൾക്ക് നടുവിൽ പെടാപ്പാട് പെടുമ്പോൾ നാട്ടുകാർ ഫയലുകൾ യഥാസമയം തീർപ്പാകാതെ ദുരിതത്തിലുമായി. ഒരളവോളം സമാധാനമായെങ്കിലും ബാക്കിയുള്ള ഒഴിവുകൾകൂടി അടിയന്തരമായി നികത്തിയാലേ നാട്ടുകാർക്കും ജോലിഭാരം കൂടുതലുള്ള ഓഫിസിലെ ജീവനക്കാർക്കും ആശ്വാസമാവുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.