നവീകരണം തീരും മുമ്പേ റോഡ് വെട്ടിപ്പൊളിച്ചു..!

കുന്ദമംഗലം: നിർമാണപ്രവൃത്തി പൂർത്തിയാകും മുമ്പേ റോഡ് വെട്ടിപ്പൊളിച്ചു. ഒരുഭാഗത്ത് നവീകരണപ്രവൃത്തിയും മറുഭാഗത്ത് റോഡ് വെട്ടിപ്പൊളിക്കലും ഒരേസമയത്ത് നടക്കുന്നു. പെരിങ്ങൊളം-കുരിക്കത്തൂർ-പെരുവഴിക്കടവ് റോഡാണ് വെട്ടിപ്പൊളിച്ചത്. അഞ്ച് കോടി രൂപ ചെലവഴിച്ച് റോഡ് വീതികൂട്ടി ടാർ ചെയ്തത് ദിവസങ്ങൾക്ക് മുമ്പാണ്. ഗ്രാമീണ ഗാർഹിക ആവശ്യങ്ങൾക്കുള്ള ജല ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായാണ് റോഡ് കുത്തിപ്പൊളിച്ചത്. ബി.എം.ബി.സി ടാറിങ് നടത്തി അത്യാധുനിക രീതിയിൽ നവീകരിച്ച റോഡാണിത്.

ഒരുഭാഗത്ത് നവീകരണപ്രവൃത്തിയുടെ ഭാഗമായി ഇന്റർലോക്ക് വിരിച്ച് മനോഹരമാക്കുന്ന പ്രവൃത്തി നടന്നുകൊണ്ടിരിക്കുമ്പോഴാണ് കുടിവെള്ള കണക്ഷന് പൈപ്പിടാൻ റോഡ് വെട്ടിപ്പൊളിച്ചത്. കുഴിയെടുത്ത ഭാഗത്ത് റോഡിന്റെ ഒരുവശത്ത് ക്വാറി അവശിഷ്ടങ്ങൾ നിക്ഷേപിച്ചിട്ടുണ്ട്. ഇതിന് സമീപം വളവ് തിരിഞ്ഞുവരുന്ന ഭാഗത്ത് റോഡിൽ സ്ഥാപിച്ച ബോർഡ് യാത്രക്കാർക്ക് ഭീഷണിയാണെന്ന പരാതിയെ തുടർന്ന് കഴിഞ്ഞദിവസം നീക്കം ചെയ്തിരുന്നു.

ഈ റോഡിന്റെ രണ്ടാം ഘട്ടമായി പെരുവഴിക്കടവ് മുതൽ ഇഷ്ടിക ബസാർ വരെയുള്ള ഭാഗം നവീകരിക്കുന്നതിന് ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ട്. കുന്ദമംഗലം ഗവ. കോളജ്, എം.വി.ആർ കാൻസർ സെന്റർ, എൻ.ഐ.ടി എന്നിവിടങ്ങളിൽ എളുപ്പത്തിൽ എത്താൻ കുന്ദമംഗലം അങ്ങാടിയിൽ എത്താതെ ആളുകൾക്ക് പോകാൻ കഴിയുന്ന വഴിയാണിത്.

Tags:    
News Summary - Road demolished before renovation completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.