സമയത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് നമാസ് ബസിന്റെ മുൻവശത്തെ ചില്ല് അടിച്ചു തകർത്ത നിലയിൽ
കുന്ദമംഗലം: സമയത്തെചൊല്ലിയുള്ള തർക്കത്തെ തുടർന്ന് നമാസ് ബസിന്റെ മുൻവശത്തെ ഗ്ലാസ് അടിച്ചു തകർത്തു. ഈ ബസിലെ രണ്ട് യാത്രക്കാർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയിൽ 8.10ന് കളൻതോട് വെച്ചാണ് സംഭവം. കോഴിക്കോടുനിന്ന് അരീക്കോട് ഭാഗത്തേക്ക് സർവിസ് നടത്തുന്ന സ്വകാര്യ ബസും ഇതേ റൂട്ടിൽ ഓടുന്ന മറ്റൊരു സ്വകാര്യ ബസും സമയത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് ആക്രമണം.
ആക്രമിക്കപ്പെട്ട ബസിന്റെ ഉടമസ്ഥൻ കുന്ദമംഗലം പൊലീസിൽ പരാതി നൽകി. ആക്രമണത്തിന് ശേഷം കേടുപാടുകൾ സംഭവിച്ച ബസ് കളൻതോട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം നിർത്തിയിട്ടിരിക്കുകയാണ്. ബസിന്റെ പിൻവശത്തെ ഗ്ലാസും പിന്നീട് അടിച്ചു തകർക്കുകയും ബസ് നശിപ്പിക്കാൻ ശ്രമിച്ചതായും ബസ് ഉടമസ്ഥൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കൂടാതെ, അദ്ദേഹത്തിന്റെ മറ്റൊരു ബസിന്റെ മുൻവശത്തെ ചില്ല് നരിക്കുനിയിൽനിന്ന് ഇതേ ദിവസം പുലർച്ച അടിച്ചു തകർത്തുവെന്നും ബസ് ഉടമസ്ഥൻ പറഞ്ഞു.
പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കുന്ദമംഗലം പൊലീസ് കേസെടുത്തിട്ടുണ്ട്. നരിക്കുനിയിൽ ബസ് ആക്രമിക്കപ്പെട്ടതിന്റെ പരാതി കൊടുവള്ളി പൊലീസ് സ്റ്റേഷനിൽ നൽകിയിട്ടുണ്ടെന്നും ബസ് ഉടമസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.