സി.ഡബ്ല്യു.ആർ.ഡി.എം ജലപൈതൃക മ്യൂസിയം
കുന്ദമംഗലം: കോഴിക്കോട്ടെ ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സി.ഡബ്ല്യു.ആർ.ഡി.എം) ജലപൈതൃക മ്യൂസിയത്തിന് യുനെസ്കോയുടെ അംഗീകാരം. യുനെസ്കോയുടെ അന്താരാഷ്ട്രതലത്തിലുള്ള ജല ഗവേഷണം, ജലവിഭവ വിനിയോഗം തുടങ്ങിയവ സംബന്ധിച്ച പദ്ധതിയുടെ ഭാഗമായുള്ള ജലമ്യൂസിയങ്ങളുടെ ആഗോള ശൃംഖലയിൽ സി.ഡബ്ല്യു.ആർ.ഡി.എം ജലപൈതൃക മ്യൂസിയം ഇടംനേടി.
ജലത്തിന്റെ സാംസ്കാരികവും പൈതൃകവുമായ പാരമ്പര്യവും ജനങ്ങളുമായുള്ള ബന്ധവും ഊട്ടിയുറപ്പിക്കുകയാണ് ഈ ആഗോള ശൃംഖലയുടെ ലക്ഷ്യം. കേരളത്തിന്റെ തനതായ ജലപാരമ്പര്യവും പരിപാലന മാർഗങ്ങളും എടുത്തുകാട്ടുന്ന നിരവധി പ്രദർശന വസ്തുക്കൾ സി.ഡബ്ല്യൂ.ആർ.ഡി.എം ജലമ്യൂസിയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ സമ്പന്നമായ ജലപാരമ്പര്യം പുതുതലമുറക്ക് പകർന്നുനൽകുന്ന മനോഹരമായ നിരവധി ജലവിനിയോഗ മാതൃകകൾക്കു പുറമെ ഔഷധോദ്യാനം, നക്ഷത്രോദ്യാനം, ശലഭോദ്യാനം എന്നിവയും പ്രധാന ആകർഷണങ്ങളായ മ്യൂസിയം, ഇതോടെ ആഗോളതലത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെടും.
കാലാവസ്ഥ വ്യതിയാന പഠന ലാബ്, സി.ഡബ്ല്യു.ആർ.ഡി.എമ്മിന്റെ ഗവേഷണ പദ്ധതികളും നേട്ടങ്ങളും ചിത്രീകരിക്കുന്ന പ്രദർശനശാല എന്നിവയും ഇവിടെയുണ്ട്. തിങ്കൾ മുതൽ ശനിവരെ ദിവസങ്ങളിൽ രാവിലെ 10.30 മുതൽ വൈകീട്ട് 4.30വരെ മ്യൂസിയം സന്ദർശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.