മുഖ്യമന്ത്രി ഇന്ന് നാടിനു സമർപ്പിക്കുന്ന എസ്കലേറ്റർ മേൽപാലം അവസാന ഒരുക്കങ്ങളിൽ
കോഴിക്കോട്: പ്രത്യേകതകൾകൊണ്ട് നഗരത്തിലെ എല്ലാ പാലങ്ങളെക്കാളും മേലെനിൽക്കുന്ന മേൽപാലത്തിൽ ഞായറാഴ്ച ആളു കയറിത്തുടങ്ങും. കേരളത്തിലെ ആദ്യത്തെ എസ്കലേറ്റര്‍ നടപ്പാലമാണ് മൊഫ്യൂസിൽ സ്റ്റാൻഡിന് മുന്നിൽ രാജാജി റോഡില്‍ കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമര്‍പ്പിക്കുന്നത്. പകൽ12നാണ് ഉദ്ഘാടനം.
കാൽനടയാത്രക്കാർക്കായി താഴേക്കും മുകളിലേക്കും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന നാല് യന്ത്രക്കോണികൾ, ലിഫ്റ്റ്, നടന്ന് കയറാൻ കോണിപ്പടികൾ എന്നിവയെല്ലാമടങ്ങിയതാണ് മേൽപാലം. നഗരത്തിൽ ഏറ്റവും തിരക്കുള്ള പുതിയ സ്റ്റാന്‍ഡിനും ഇന്‍ഡോര്‍ സ്റ്റേഡിയത്തിനും ഇടയിലുള്ള റോഡ് മുറിച്ചുകടക്കുകയാണ് ലക്ഷ്യം. പാലത്തിൽ കയറാതെ റോഡ് മുറിച്ചുകടക്കുന്നത് ഒഴിവാക്കാൻ വലിയ ഡിവൈഡറുകൾ സ്ഥാപിക്കുന്ന പണി പൂർത്തിയായി.
കേന്ദ്ര സർക്കാറിെൻറ അടൽ മിഷൻ ഫോർ റിജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷൻ (അമൃത്) പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭ 11.35 കോടി ചെലവിട്ടാണ് നടപ്പാലം തീർത്തത്. 13 പേര്‍ക്ക് കയറാന്‍ പറ്റുന്നതായിരിക്കും ലിഫ്റ്റ്. എസ്കലേറ്ററില്‍ മണിക്കൂറില്‍ 11,700 പേര്‍ക്ക് സഞ്ചരിക്കാം. പാലത്തില്‍ ഒരേനേരം 300 പേര്‍ക്ക് പോവാം. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡുമായി ചേർന്ന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിയാണ് നിർമിച്ചത്. സ്ഥാപിച്ചശേഷം അഞ്ച് കൊല്ലം പരിപാലിക്കുന്നതടക്കമാണ് എസ്കലേറ്റർ, ലിഫ്റ്റ് കമ്പനികൾക്ക് കരാർ കൊടുത്തത്. എസ്കലേറ്റർ പരിപാലനമുള്‍പ്പെടെ കാര്യങ്ങള്‍ക്കായി ഏജൻസിയെ ഏൽപിക്കും.
പരസ്യവും മറ്റും വെച്ച് വരുമാനം കണ്ടെത്തിയാണ് അഞ്ച് കൊല്ലത്തേക്ക് പരിപാലന ചുമതലയുള്ളവർ പ്രവർത്തിക്കുക. നേരത്തേ ഇരുമ്പു പാലമുണ്ടായിരുന്ന സ്ഥലത്താണ് പുതിയ സംവിധാനം. മേൽപാലത്തിനൊപ്പം മാവൂർ റോഡ്, രാജാജിറോഡ് നടപ്പാതയും ടൈലിട്ട് നവീകരിച്ചു. കഴിഞ്ഞ കൊല്ലം ഫെബ്രുവരിയില്‍ തുടങ്ങി, ഈ മാര്‍ച്ചോടെ തീർക്കാൻ നിശ്ചയിച്ച പണിയാണ് ഇപ്പോൾ പൂർത്തിയായത്. കോവിഡ് ലോക്ഡൗണാണ് തടസ്സമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.