ബീച്ച് കൂട്ടായ്മയുടെ നിവേദനം കോഴിക്കോട് ഗെസ്റ്റ് ഹൗസിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് കൈമാറുന്നു
കോഴിക്കോട് ബീച്ചിലെ രാത്രികാല അനിഷ്ട സംഭവങ്ങളിൽ ആഭ്യന്തരമന്ത്രിക്ക് നിവേദനം
കോഴിക്കോട്: ബീച്ചിലെ രാത്രികാല അനിഷ്ട സംഭവങ്ങൾ തടയുന്നതിനും സുരക്ഷ ശക്തമാക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബീച്ച് കൂട്ടായ്മ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് നിവേദനം നൽകി. രാത്രികാലങ്ങളിലെ അനാവശ്യ ജനക്കൂട്ടം, സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ, പൊതുമുതൽ നശിപ്പിക്കൽ, ലഹരിവസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും ഉൾപ്പെടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ബീച്ചിന്റെ സുരക്ഷിതമായ അന്തരീക്ഷത്തിന് ഭീഷണിയാകുന്നുണ്ട്. ഇതുമൂലം കുടുംബസമേതം ബീച്ചിലെത്തുന്നവർക്കും വിനോദസഞ്ചാരികൾക്കും സാധാരണ ജനങ്ങൾക്കും ഏറെ പ്രയാസങ്ങൾ നേരിടേണ്ടിവരുന്നു എന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
രാത്രി 10 മണിക്ക് ശേഷം ബീച്ചിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കുക, രാത്രികാല പോലീസ് പട്രോളിങ് ശക്തമാക്കുക, ലഹരിവസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുക, പൊതുമുതൽ നശിപ്പിക്കൽ, അക്രമം, സ്ത്രീകൾക്കും കുടുംബങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവർത്തനങ്ങൾ എന്നിവ തടയാൻ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തുക, ബീച്ചിലെ വെളിച്ചം, ശുചിത്വം, സുരക്ഷാ സംവിധാനങ്ങൾ എന്നിവ മെച്ചപ്പെടുത്തുക, നിരീക്ഷണ കാമറകൾ സ്ഥാപിക്കുക, പൊലീസ് ഉദ്യോഗസ്ഥരുടെയും മറ്റ് വകുപ്പുകളുടെയും ഏകോപനുണ്ടാക്കുക എന്നീ ആവശ്യങ്ങളാണ് നിവേദനത്തിൽ നൽകിയത്. കൂട്ടായ്മ പ്രസിഡന്റ് പാലക്കണ്ടി മൊയ്തീൻ കോയ, ജനറൽ സെക്രട്ടറി സി. മുജീബ് റഹ് മാൻ, ട്രഷറർ കെ.ഇ. മനോഹരൻ, കെ.സി. അബു, എൻ. സുബ്രഹ്മണ്യൻ, സെക്രട്ടറി കെ.വി. ഇസ്ഹാഖ് എന്നിവർ നിവേദകസംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.