കൊയിലാണ്ടി: റെയിൽവേ സ്റ്റേഷന് സമീപം കാവുംവട്ടം സ്വദേശി പറയച്ചാൽ മീത്തൽ ഇസ്മയിലിനെ (45) കരിങ്കല്ല് കൊണ്ട് ആക്രമിച്ച് ഗുരുതര പരിക്കേൽപിക്കുകയും മൊബൈൽ ഫോൺ കവരുകയും ചെയ്ത പ്രതികൾ അറസ്റ്റിൽ. വിയ്യൂർ സ്വദേശി നവജിത് (24), കോക്കല്ലൂർ പുലച്ചില്ല മലയിൽ വിഷ്ണു (29) എന്നിവരാണ് പിടിയിലായത്. ഇസ്മയിലിനെ നേരെ ബുധനാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്.
കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻഡിൽ നിന്നും റെയിൽവേ സ്റ്റേഷൻ റോഡിലൂടെ പഴയ റെയിൽവേ ഗേറ്റ് കടന്ന് മുത്താമ്പി റോഡിലേക്ക് റെയിൽവേ പാളത്തിലൂടെ നടന്നു പോകുന്നതിനിടെ പ്രതികൾ പാളത്തിൽ വെച്ച് കരിങ്കല്ല് ഉപയോഗിച്ച് തലയിലും മുഖത്തും മാരകമായി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഇയാളുടെ കൈവശമുള്ള മൊബൈൽ ഫോൺ പ്രതികൾ തട്ടിയെടുത്തു.
ആക്രമണത്തിൽ തളർന്നുപോയ ഇസ്മയിൽ പിന്നീട് നടന്ന് കൊയിലാണ്ടി ഗവ. താലൂക്കാശുപത്രിയിൽ എത്തുകയായിരുന്നു. തുടർന്നാണ് വിവരം പുറത്തറിഞ്ഞത്. മുൻനിരയിലെ പല്ലുകൾ പൊട്ടി മുഖത്താകെ പരിക്കുകളുണ്ട്. വിദഗ് ധ ചികിത്സക്കായി ഇസ്മയിലെനെ മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി.
ഇയാളുടെ തലയിലും മുഖത്തുമായി 24 ഓളം തുന്നിട്ടു. സംഭവത്തെതുടർന്ന് ഊർജിതമായ അന്വേഷണത്തിൽ വിഷ്ണുവിനെ കൊയിലാണ്ടി ബീച്ചിൽനിന്നും നവജിത്തിനെ കോഴിക്കോട് ബീച്ചിൽ നിന്നും പൊലീസ് പിടികൂടുകയായിരുന്നു. കവർച്ച, ആക്രമിച്ച് പരിക്കേൽപിക്കുക തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചാർജ് ചെയ്തിരിക്കുന്നത്.
കോഴിക്കോട് റൂറൽ ജില്ല പൊലീസ് മേധാവി കെ.ഇ. ബൈജുവിന്റെ നിർദേശപ്രകാരം വടകര ഡിവൈ.എസ്.പി ഹരി പ്രസാദിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി പൊലീസ് ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖരൻ, എസ്.ഐ ആർ.സി.ബിജു എ.എസ്.ഐ വിജു വാണിയംകുളം, ഡാൻസാഫ് അംഗങ്ങളായ എ.എസ്.ഐ ബിനീഷ്, ഷോബിത്ത്, ശ്യാംജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.