കൊയിലാണ്ടി: പ്രതിസന്ധിയിൽനിന്ന് പ്രതിസന്ധിയിലേക്ക് കൈത്തറി, ഖാദി മേഖല നീങ്ങുമ്പോഴും തൊഴിലാളികളുടെ രക്ഷക്കായ് കൊണ്ടുവന്ന സ്കൂൾ യൂനിഫോം പദ്ധതി മരവിച്ചു കിടക്കുന്നതായി കൈത്തറി തൊഴിലാളികളുടെ പരാതി. വർഷങ്ങൾക്കു മുമ്പ് ഇറങ്ങിയ ഉത്തരവായിരുന്നു കുട്ടികൾക്ക് കൈത്തറി യൂനിഫോം എന്നത്. എന്നാൽ, അധ്യയന വർഷങ്ങൾ പലതു കഴിഞ്ഞിട്ടും ഉത്തരവ് കടലാസിൽ മാത്രം.
ഗവൺമെന്റ് സ്കൂളിലെ എട്ടു വരെയുള്ള ക്ലാസിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും ഇപ്പോൾ യൂനിഫോം സർക്കാർ ആണ് സൗജന്യമായി നൽകുന്നത്. ഇതിന് പോളിസ്ററർ മിക്സഡ് തുണികളാണ് ഉപയോഗിക്കുന്നത്. എന്നാൽ, കൈത്തറി മേഖലയെ സംരക്ഷിക്കാനും കുട്ടികൾക്ക് ശരീരത്തിന് ഏറെ അനുയോജ്യമായ കൈത്തറി യൂനിഫോം നൽകാൻ ധാരണയാവുകയും ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു.
ഇതോടൊപ്പം സ്കൂൾ അധ്യാപക സമൂഹവും ഖദർ, കൈത്തറി തുണികൾ ധരിക്കണമെന്ന ഉത്തരവും മൂന്നു വർഷം മുമ്പ് വരികയുണ്ടായി. ഇതോടെ തമിഴ്നാട്ടിലെ വിവിധ തുണി വിൽപന ഏജൻസികൾ സമർഥമായി സ്കൂളിൽ മുഴുവൻ കയറി തുണികൾ വിൽപന നടത്തുകയും ചെയ്തിരുന്നു. അധ്യാപകർ കോട്ടൺ ധരിക്കണമെന്ന ആ നിർദേശത്തിനും തുടർ നടപടിയുണ്ടായില്ല.
ഖാദി, കൈത്തറി നിർമാണ വിതരണ യൂനിറ്റുകൾ നിരന്തരമായി പൂട്ടിക്കൊണ്ടിരിക്കുമ്പോഴാണ് ഈ ഓർഡറുകളെല്ലാം തന്നെ കടലാസിൽ തന്നെ കിടക്കുന്നത്. സ്കൂളുകളിൽ അധ്യാപക-അധ്യാപികമാർ ഡ്രസ് കോഡ് ധരിച്ചെത്തുന്ന ഇക്കാലത്ത് ഇത്തരം നിർദേശങ്ങൾ നടപ്പാക്കാൻ പ്രയാസമാണന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.