നാദാപുരം: സ്വർണക്കടത്ത് ഇടപാടിൽ യുവാക്കളെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിക്കുകയും ദേഹോപദ്രവം ഏൽപിക്കുകയും ചെയ്ത കേസിൽ നിയമ വിദ്യാർഥി കർണാടക സുള്ള്യയിൽ അറസ്റ്റിൽ. നാദാപുരം കക്കംവെള്ളിയിലെ മരക്കാട്ടേരി മുഹമ്മദ് അഷ്കർ (22) ആണ് അറസ്റ്റിലായത്. ഇയാൾ സുള്ള്യ കെ.വി.ജി ലോകോളജിൽ മൂന്നാം വർഷ നിയമ വിദ്യാർഥിയാണ്. കുനിങ്ങാട് മുതുവത്തൂർ കാട്ടിൽ ലക്ഷംവീട് കോളനിയിലെ മുഹമ്മദ് ഷഫീഖിനെ തട്ടിക്കൊണ്ടുപോയ കേസിലാണ് അറസ്റ്റ്.
മുഹമ്മദ് ഷഫീഖിനെ തട്ടിക്കൊണ്ടുപോയതായി ഫെബ്രുവരി അഞ്ചിനാണ് മാതാവ് സക്കീന നാദാപുരം പൊലീസിൽ പരാതി നൽകിയത്. അന്വേഷണത്തിൽ തിരോധാനത്തിന് പിന്നിൽ വിദേശത്തുനിന്ന് എത്തിച്ച സ്വർണക്കടത്ത് ഇടപാടാണെന്നു തെളിഞ്ഞു. വിദേശത്തുനിന്നു കൊടുത്തയച്ച 750 ഗ്രാമിലധികം വരുന്ന സ്വർണം മുഹമ്മദ് ഷഫീഖ് ഉടമസ്ഥർക്ക് നൽകാതെ കണ്ണൂർ പൊട്ടിക്കൽ സംഘത്തിന് കൈമാറുകയായിരുന്നു.
ഇതേ തുടർന്നുള്ള വിരോധമാണ് തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിക്കലിൽ കലാശിച്ചത്. സംഭവത്തിൽ കഴിഞ്ഞദിവസം കല്ലാച്ചി ചട്ടീന്റവിട മുഹമ്മദലിയെ അറസ്റ്റ് ചെയ്തിരുന്നു.ഒളിവിൽ കഴിയുകയായിരുന്ന ഷഫീഖിനെ വടകര റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് തട്ടിക്കൊണ്ടുപോയി കേസിലെ മുഖ്യസൂത്രധാരൻ വേങ്ങര സ്വദേശി മുഹമ്മദ് അമീന് എത്തിച്ചു കൊടുത്തത് അഷ്കർ ആണെന്ന് നാദാപുരം പൊലീസ് പറഞ്ഞു. നാദാപുരത്ത് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ അഷ്കറിനെ കോടതി റിമാൻഡ് ചെയ്തു. മുഖ്യപ്രതിയും സംഘത്തിലെ പ്രധാനിയുമായ മുഹമ്മദ് അമീനുവേണ്ടി അന്വേഷണം തുടരുകയാണ്. ഇയാളുടെ മൊബൈൽ ഫോണുകൾ പ്രവർത്തിക്കുന്നില്ല
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.