പെരുമണ്ണ അറത്തിൽ പറമ്പിൽ എൻട്രൻസ് കോച്ചിങ് വനിത ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധയുണ്ടായതിനെ തുടർന്ന് അധികൃതർ വിദ്യാർഥികളിൽനിന്ന് വിവരങ്ങൾ ശേഖരിക്കുന്നു
പന്തീരാങ്കാവ് (കോഴിക്കോട്): ഭക്ഷ്യവിഷബാധയേറ്റ് പെരുമണ്ണയിൽ സ്വകാര്യ ഹോസ്റ്റലിലെ 21 പേർ ചികിത്സയിലായി. പെരുമണ്ണ അറത്തിൽപറമ്പിലെ ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥിനികൾക്കാണ് വിഷബാധയേറ്റത്. 64പേരാണ് ഇവിടെ താമസിക്കുന്നത്. ഇതിൽ ചിലർക്കാണ് ഞായറാഴ്ച വൈകീട്ട് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടത്. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തിങ്കളാഴ്ച പുലർച്ച വീണ്ടും ഏഴുപേരെ കൂടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. സ്വകാര്യ എൻട്രൻസ് കോച്ചിങ് സെൻററിന്റെ ഈ ഹോസ്റ്റലിലേക്കടക്കം സ്ഥാപനത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലുകളിലേക്ക് ഭക്ഷണം പാചകം ചെയ്ത് എത്തിക്കുന്നത് കുറ്റിക്കാട്ടൂരിൽനിന്നാണ്. എന്നാൽ പെരുമണ്ണയിലെ ഈ ഹോസ്റ്റലിലെ വിദ്യാർഥികൾക്കു മാത്രമാണ് ഭക്ഷ്യ വിഷബാധ ഏറ്റത്. ഇവിടെ നിന്നെടുത്ത വെള്ളം, ഭക്ഷണം എന്നിവയുടെ സാമ്പിളുകൾ ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധനക്ക് കൊണ്ടുപോയി. ഒക്ടോബർ രണ്ടു മുതലാണ് ഇവിടെ ഹോസ്റ്റൽ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയത്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളവർ ആതിര (18) മാവൂർ, ആമിന (18) തൃത്താല, റിസ്മ (18) മണ്ണാർക്കാട്, അൻസിറ (18) കണ്ണൂർ, ഡെഫ്ച്ച (18) അടിവാരം, ഗോപിക (18) വെങ്ങാലി, തസ്ലീമ (18) പൊന്നാനി, റഹീമ (18 ) മാവൂർ എന്നിവരാണ്.
പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഷാജി പുത്തലത്ത്, എം.എ. പ്രതീഷ്, കെ. പ്രേമദാസൻ, മെഡിക്കൽ ഓഫിസർ ഡോ.ആർ. രേഖ, ആരോഗ്യ പ്രവർത്തകരായ മുരളീധരൻ, ഇ.കെ. സജിനി, പന്തീരാങ്കാവ് പൊലീസ് എന്നിവർ സ്ഥലത്തെത്തി.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ച സാഹചര്യത്തില്‍ ജില്ലയില്‍ ഒക്ടോബര്‍ മാസത്തില്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ ഉള്‍പ്പെടെ 14 ഹോസ്റ്റലുകളില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന നടത്തി. 10 ഹോസ്റ്റലുകളില്‍ നിന്നായി 34000 രൂപ പിഴയീടാക്കി. വരുംദിവസങ്ങളിലും ഹോസ്റ്റല്‍ മെസ്സുകള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ ഊര്‍ജിതമാക്കുമെന്ന് ഭക്ഷ്യസുരക്ഷ അസി. കമീഷണര്‍ എം.ടി ബേബിച്ചന് അറിയിച്ചു.
-ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ ആറുമാസത്തില്‍ ഒരിക്കല്‍ ഒരു അംഗീകൃത മെഡിക്കല്‍ പ്രാക്ടീഷണറെ കണ്ട് പരിശോധിച്ച് മെഡിക്കല്‍ ഫിറ്റ്നസ് ഉറപ്പുവരുത്തണം. ഫുഡ് സേഫ്റ്റി ഓഫിസര്‍മാര്‍ പരിശോധന നടത്തുമ്പോള്‍ ഇവ ഹാജരാക്കണം.
-വെള്ളം ഉപയോഗിച്ച് പാചകം ചെയ്യുന്ന സ്ഥലങ്ങളില്‍ വെള്ളം ആറുമാസത്തില്‍ ഒരിക്കല്‍ പരിശോധിച്ചതിെൻറ റിപ്പോര്‍ട്ട് സൂക്ഷിക്കണം. ഫുഡ് സേഫ്റ്റി ഓഫിസര്‍മാര്‍ പരിശോധന നടത്തുമ്പോള്‍ ഇവ ഹാജരാക്കണം.
-ഭക്ഷണം പാചകം ചെയ്യുന്നതിനായി നല്ല ഗുണനിലവാരമുള്ള അസംസ്കൃത വസ്തുക്കള്‍ തിരഞ്ഞെടുക്കുക.
-എഫ്.എസ്.എസ്.എ.ഐ ലൈസന്‍സ് രജിസ്ട്രേഷനുള്ള കടകളില്‍നിന്ന് മാത്രം ഉല്പന്നങ്ങള് വാങ്ങുക.
-2011ലെ പാക്കേജിങ് / ലേബലിങ് റഗുലേഷന് 2011ല്‍ നിഷ്കര്‍ഷിച്ചിട്ടുള്ള എല്ലാ വിവരങ്ങളും ഭക്ഷ്യവസ്തുക്കളുടെ ലേബലുകളില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക.
-പരിസരശുചിത്വവും വ്യക്തിശുചിത്വവും ഉറപ്പുവരുത്തുക.
-അനുവദനീയമല്ലാത്ത കൃത്രിമനിറങ്ങള്‍ ഭക്ഷണത്തില്‍ ചേര്‍ക്കാതിരിക്കുക.
-ഹെയര്‍ നെറ്റ്, ഗ്ലൗസ് ടോങ്സ് എന്നിവയുടെ ഉപയോഗം ശീലമാക്കുക.
-സാമൂഹിക അകലവും മാസ്കും നിര്‍ബന്ധമായും ശീലമാക്കുക.
-ഭക്ഷ്യവസ്തുക്കള്‍ അടച്ചു സൂക്ഷിക്കുക.
-വേസ്റ്റ് നിര്‍മാര്‍ജനം ചെയ്യാന്‍ സംവിധാനമേര്‍പ്പെടുത്തുക
-വേസ്റ്റ് ബിന്‍ തുറന്നു സൂക്ഷിക്കാതിരിക്കുക. അത് ഈച്ചയും മറ്റും വ്യാപിക്കുന്നതിന് കാരണമാകും.
-പാകം ചെയ്ത ഭക്ഷണവും പാകംചെയ്യാത്തതും വെവ്വേറെ സൂക്ഷിക്കുക.
-വെജിറ്റേറിയന്‍ ഭക്ഷണവും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണവും വെവ്വേറെ സൂക്ഷിക്കുക.
-ഉപഭോക്താക്കള്‍ക്ക് തിളപ്പിച്ചാറിയ വെള്ളം മാത്രം നല്‍കുക.
ഒരിക്കല്‍ ചൂടാക്കിയശേഷം തണുപ്പിക്കാനായി പച്ചവെള്ളം ചേര്‍ക്കാതിരിക്കുക.
-പാകംചെയ്ത ഭക്ഷണം രണ്ടുമണിക്കൂറില്‍ കൂടുതല്‍ അന്തരീക്ഷ ഊഷ്മാവില്‍ സൂക്ഷിക്കാതിരിക്കുക.
-ഭക്ഷണം പാകംചെയ്തശേഷം ഉടനെ ഉപയോഗിക്കുന്നില്ലെങ്കില്‍ 4 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ ഊഷ്മാവില്‍ സൂക്ഷിച്ചശേഷം വീണ്ടും ഉപയോഗിക്കുമ്പോള്‍ 70 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ ചൂടാക്കിയശേഷം മാത്രം ഉപയോഗിക്കുക.
-പൊട്ടിപ്പൊളിഞ്ഞതായ പാത്രങ്ങള്‍ നീക്കംചെയ്ത് ഗുണനിലവാരമുള്ള നല്ല പാത്രങ്ങളില്‍ പാചകം ചെയ്യുക.
-പഴയ ഭക്ഷണം അല്ലെങ്കില്‍ കാലാവധി കഴിഞ്ഞ ഉല്പന്നങ്ങള് ഒരിക്കലും പാചകം ചെയ്യുന്ന സ്ഥലത്ത് സൂക്ഷിക്കാതിരിക്കുക.
-ഭക്ഷ്യഎണ്ണ ഒരിക്കലും ഒന്നിലധികം തവണ ആവര്‍ത്തിച്ച് ചൂടാക്കാതിരിക്കുക.
-ഭക്ഷ്യ സുരക്ഷ ലൈസന്‍സ് എടുത്തു മാത്രം പ്രവര്‍ത്തിക്കുക
വിദ്യാർഥികള്‍ക്ക് അവരുടെ പരാതികള്‍ 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കാവുന്നതാണ്.
കോഴിക്കോട്: ഭക്ഷ്യവിഷബാധയുണ്ടായ സ്വകാര്യ എന്‍ട്രന്‍സ് കോച്ചിങ് സെൻററിെൻറ പെരുമണ്ണയിലുള്ള ഹോസ്റ്റൽ ഫുഡ് സേഫ്റ്റി ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് കണ്ടെത്തി. കുന്ദമംഗലം ഫുഡ് സേഫ്റ്റി ഓഫിസര്‍ ഡോ. രഞ്ജിത്ത് പി. ഗോപി ഹോസ്റ്റലില്‍ പരിശോധന നടത്തി.
കുടിവെള്ളം പരിശോധിച്ച സര്‍ട്ടിഫിക്കറ്റ്, ഭക്ഷണം കൈകാര്യംചെയ്യുന്നവര്‍ എടുത്തിരിക്കേണ്ട മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ എടുത്തിരുന്നില്ല. സ്ഥാപനത്തില്‍ കിച്ചൺ ഉണ്ടെങ്കിലും പുറമേനിന്ന് കൊണ്ടുവരുന്ന ഭക്ഷണമാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്നതെന്ന് വിദ്യാര്‍ഥികള്‍ മൊഴിനല്‍കി.
വിദ്യാര്‍ഥികള്‍ക്ക് കുടിക്കാന്‍ വിതരണംചെയ്ത വെള്ളത്തിെൻറ പരിശോധനകള്‍ക്കായി മലാപറമ്പ് റീജനല്‍ അനലിറ്റിക്കല്‍ ലാബിലേക്ക് അയച്ചു. റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്ന മുറക്ക് കോഴിക്കോട് ആര്.ഡി.ഒ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്ന് ഭക്ഷ്യസുരക്ഷ ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.