ഫറോക്കിൽ കുടുങ്ങിയ ആഫ്രിക്കൻ സെവൻസ് കളിക്കാർ നാട്ടിലേക്ക് മടങ്ങി

ഫറോക്ക്: സെവൻസ് ഫുട്ബാൾ മൈതാനങ്ങൾക്ക്​ കോവിഡ് ഭീതിയിൽ ലോക് വീണപ്പോൾ ഇവിടെ കുടുങ്ങിയ രണ്ട് ആഫ്രിക്കൻ താരങ്ങൾക്ക് നാട്ടിലേക്ക് തിരിക്കാൻ നർഗീസ് ബീഗം തുണയായി. കോവിഡ് കാരണം ഏഴുമാസത്തോളമായി കോഴിക്കോട് ഫാറൂഖ് കോളജിൽ കുടുങ്ങിയ ഐവറി കോസ്​റ്റ്​ സ്വദേശികളായ അക്കോ, ടോവോക്കാരൻ നിക്കോ എന്നിവരാണ് സ്വന്തം നാട്ടിലേക്ക് തിരിച്ചത്.

ഒമ്പതു മാസമായി ഇവർ കേരളത്തിൽ എത്തിയിട്ട്. സെവൻസ് ടൂർണമെൻറുകളിൽ കാണികളുടെ ആവേശമായിരുന്ന ഇവർ മിന്നും പ്രകടനങ്ങളാണ് കാഴ്ചവെക്കാറ്. കേരളത്തിലെത്തിയ ആദ്യ രണ്ടുമാസം ഇവർ സെവൻസ് കളിക്കളത്തിൽനിന്നും ലഭിച്ച പണം നാട്ടിലേക്ക് അയച്ചു. എന്നാൽ, ലോക്ഡൗൺ ഇവരുടെ എല്ലാ പ്രതീക്ഷകളും തകിടം മറിച്ചു. കോവിഡ് ഭീഷണിയിൽ കളിക്കളം അടഞ്ഞതോടെ ഇവർ പട്ടിണിയിലായി.

എന്തു ചെയ്യണമെന്നറിയാതെ ഫാറൂഖ് കോളജ് അങ്ങാടിയിൽ ഇവർ പരസഹായത്തിനായി നിൽക്കുന്നത് നിത്യകാഴ്ചയായി. അന്തിയുറങ്ങാനും ആഹാരത്തിനുപോലും ബുദ്ധിമുട്ടിലായ ഇവരെ നാട്ടുകാരനായ മുബീൽ എത്തി സഹായിക്കുകയായിരുന്നു. വാടകമുറിയും ഭക്ഷണവും മുബീൽ നൽകി. നാട്ടിലേക്ക് പോകണമെങ്കിൽ രണ്ടുലക്ഷം രൂപയിലധികം വേണമെന്ന് അറിഞ്ഞതോടെ സാമൂഹിക പ്രവർത്തകയായ അഡോറ ഡയറക്ടർ നർഗീസ് ബീഗത്തെ അറിയിക്കുകയും ഇവർ മുഖേന താരങ്ങൾക്ക് നാട്ടിലെത്താനുള്ള പണം സംഘടിപ്പിച്ചു നൽകുകയുമായിരുന്നു.

നാട്ടിലേക്ക് തിരിച്ചെങ്കിലും കൊറോണ ഭീതി അകന്നാൽ കേരളത്തിലേക്ക് തിരിച്ചുവരുമെന്ന് ഇരുവരും വ്യക്തമാക്കി. ഭക്ഷണവും താമസവും നാട്ടിലേക്ക് പോകാനുള്ള പണവും സൗകര്യങ്ങളും ചെയ്തുതന്ന മലയാളികളോടുള്ള നന്ദിയും കടപ്പാടും അറിയിച്ചാണ് ഇവർ നാട്ടിലേക്ക് യാത്രയായത്.

Tags:    
News Summary - African Sevens players trapped in Ferok have returned home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.