കോഴിക്കോട്: ഇലക്ട്രിക് വാഹന ഷോറൂമിൽ വൈദ്യുതി ചാർജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ച് 12 സ്കൂട്ടറുകൾ കത്തിനശിച്ചു. വയനാട് റോഡിൽ ഫാത്തിമ ആശുപത്രിക്ക് സമീപം എം.എൻ ടവറിൽ പ്രവർത്തിക്കുന്ന ഏക്സൻ മോട്ടോർസിന്റെ ഉടമസ്ഥതയിലുള്ള കൊമാക്കി ഷോറൂമിൽ ബുധനാഴ്ച ഉച്ചക്ക് ശേഷം രണ്ടരയോടെയാണ് സംഭവം. നിർത്തിയിട്ട സ്കൂട്ടർ അടക്കമുള്ളവയാണ് കത്തിയത്. 10 സ്കൂട്ടറുകൾ പൂർണമായും രണ്ട് സ്കൂട്ടറുകൾ ഭാഗികമായും കത്തിനശിച്ചു. 17 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി പൊലീസ് അറിയിച്ചു.
സ്കൂട്ടർ ചാർജ് ചെയ്യാനിട്ട് ജീവനക്കാർ പുറത്തുപോയപ്പോൾ തീപിടിക്കുകയും ഷോറൂമിന്റെ ഗ്രൗണ്ട് ഫ്ലോറിലെ ഗോഡൗണിലുള്ള വാഹനങ്ങളിലേക്ക് തീപടരുകയുമായിരുന്നു. ആളുകളില്ലാത്തതിനാൽ വൻ അപകടം ഒഴിവായി. ഇലക്ട്രിക് സ്കൂട്ടറിൽ ചെറിയ തോതിൽ പുക വന്നശേഷം ബാറ്ററി പൊട്ടിത്തെറിക്കുകയും തൊട്ടടുത്തുള്ള മറ്റ് വാഹനങ്ങളിലേക്ക് തീ പടരുകയുമായിരുന്നുവെന്ന് കരുതുന്നു. താഴെനിലയിൽ പുക ഉയരുന്നതുകണ്ട യാത്രക്കാരൻ ബീച്ച് ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. ബീച്ച് ഫയർ സ്റ്റേഷൻ ഓഫിസർ സതീശിന്റെ നേതൃത്വത്തിലുള്ള രണ്ട് യൂനിറ്റ് എത്തിയാണ് തീയണച്ചത്. സംഭവത്തെ തുടർന്ന് വയനാട് റോഡിൽ കുറച്ചുനേരം ഗതാഗതം തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.