കോഴിക്കോട്: അനുരജ്ഞന നീക്കങ്ങൾക്കിടെ ഐ.എൻ.എല്ലിൽ മെംബർഷിപ് കാമ്പയിനെ ചൊല്ലി തർക്കം. കാസിം ഇരിക്കൂർ വിഭാഗത്തെ അനുകൂലിക്കുന്നവരെ വരണാധികാരികളാക്കി മെംബർഷിപ് കാമ്പയിൻ നടക്കുന്നതാണ് വഹാബ് പക്ഷത്തെ ചൊടിപ്പിച്ചിരിക്കുന്നത്. എന്നാൽ, അനുരഞ്ജന നീക്കത്തിന് മുന്നേ തുടങ്ങിയ മെംബർഷിപ് കാമ്പയിനുമായി മുന്നോട്ടുപോവുമെന്ന നിലപാടിലാണ് കാസിം പക്ഷം. ഇതംഗീകരിക്കാനാവില്ലെന്ന് മറുപക്ഷവും.
ജൂലൈ 25ലെ 'എറണാകുളം സംഘട്ട'നത്തിന് പിന്നാലെ ശനിയാഴ്ചയാണ് ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തിന് പരിഹാരം കാണാൻ കാന്തപുരം സുന്നി വിഭാഗം മുൻകൈയെടുത്ത് മധ്യസ്ഥശ്രമങ്ങൾ ആരംഭിച്ചത്. ഇരു വിഭാഗവും ഈ നീക്കത്തെ അനുകൂലിക്കുന്നുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ ചർച്ചകൾ നടക്കാനിരിക്കെയാണ് പുതിയ വിവാദം.
കാസർകോട് ജില്ലയിൽ ഡോ. എ.എ. അമീൻ, കണ്ണൂരിൽ അഡ്വ. ഷമീർ പയ്യനങ്ങാടി, വയനാട്ടിൽ സി.എച്ച്. ഹമീദ് മാസ്റ്റർ, കോഴിക്കോട്ട് എം.എ. ലത്തീഫ്, മലപ്പുറത്ത് ബി. ഹംസഹാജി, പാലക്കാട് ഒ.ഒ. ഷംസു, തൃശൂർ എം.എം. സുലൈമാൻ, എറണാകുളം എം.എം. മാഹിൻ, ആലപ്പുഴ മുഹമ്മദ് റിയാദ് അടിമാലി, കോട്ടയം കുഞ്ഞാവുട്ടി എ. ഖാദർ, ഇടുക്കി സാദത്ത് ചാരമൂട്, പത്തനംതിട്ട എ.പി. മുസ്തഫ, കൊല്ലം ടി. അബ്ദുൽ അസീസ്, തിരുവനന്തപുരം സി.പി.എ. സാദത്ത് എന്നിവരെയാണ് വരണാധികാരികളാക്കി നിശ്ചയിച്ചിരിക്കുന്നത്. ജൂലൈ 25ന് എറണാകുളത്ത് ചേർന്ന പാർട്ടി സംസ്ഥാന പ്രവർത്തകസമിതിയുടെ തീരുമാനങ്ങൾ അടിയന്തരപ്രാധാന്യത്തോടെ സമയബന്ധിതമായി നടപ്പിലാക്കണമെന്നാണ് സർക്കുലറിൽ ആവശ്യപ്പെടുന്നത്.
ഈ സർക്കുലർ ചൂണ്ടിക്കാട്ടിയാണ് വഹാബ് പക്ഷം കാസിം വിഭാഗത്തിനെതിരെ വീണ്ടും രംഗത്തുവന്നത്. വരണാധികാരികളെ ഏകപക്ഷീയമായി പ്രഖ്യാപിച്ചിരിക്കുകയാണെന്നും തങ്ങളുടെ വിഭാഗത്തിലെ ആരെയും വരണാധികാരികളാക്കിയില്ലെന്നുമാണ് വഹാബ് പക്ഷത്തിെൻറ ആരോപണം. എന്നാൽ, മെംബർഷിപ് കാമ്പയിൻ ജൂലൈ 26 മുതൽ ആരംഭിച്ചതാണെന്നും അതുമായി മുന്നോട്ടുപോവുമെന്നും കാസിം ഇരിക്കൂർ പറഞ്ഞു. അനുരഞ്ജനശ്രമവും മെംബർഷിപ് കാമ്പയിനുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. ഏകപക്ഷീയമായ മെംബർഷിപ് കാമ്പയിന് അംഗീകരിക്കില്ലെന്ന് അബ്ദുല്‍ വഹാബും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.