കോഴിക്കോട്: പാട്ടിനെയും പാട്ടുകാരെയും ഹൃദയത്തോട് ചേർത്തുവെച്ച കോഴിക്കോടിന്റെ മണ്ണിൽ ചിത്രവർഷം പെയ്തിറങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. ചലച്ചിത്ര പിന്നണി ഗാനരംഗത്ത് നാലു പതിറ്റാണ്ട് പിന്നിടുന്ന മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രക്ക് ആദരമായി മാധ്യമം ഒരുക്കുന്ന ‘ചിത്രവർഷങ്ങൾ’ കോഴിക്കോടിന്റെ ക്രിസ്മസ് ആഘോഷങ്ങൾക്ക് നക്ഷത്രത്തിളക്കമേകും.
ഇന്ന് വൈകീട്ട് ആറിന് സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററിലാണ് ചിത്രവർഷം അരങ്ങേറുന്നത്. ഒരു വ്യാഴവട്ടത്തിനുശേഷമാണ് ചിത്രയുടെ സമ്പൂർണഗാനാവിഷ്കാരം കോഴിക്കോടിന്റെ മണ്ണിലെത്തുന്നത്. ചലച്ചിത്ര താരങ്ങളായ മനോജ് കെ. ജയൻ, വിനോദ് കോവൂർ, ഗായകരായ കണ്ണൂർ ഷെരീഫ്, മേഘ്ന സുമേഷ്, നിഷാദ് കെ.കെ., ദാനാ റാസിഖ്, ചിത്ര അരുൺ, രാമു, വേദമിത്ര തുടങ്ങിയവരും ചിത്രവർഷത്തിൽ പങ്കുചേരും. പൊതുമരാമത്ത് - ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുഖ്യാതിഥിയാകും.
43 വർഷത്തിനുള്ളിൽ 25,000ഓളം പാട്ടുകൾ കൊണ്ട് ഇന്ത്യയിലെ വിവിധ ഭാഷകളിലും വിദേശത്തും ഗാനമുദ്ര പതിപ്പിച്ച ചിത്രയുടെ സംഗീത ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളാണ് പാട്ടിലൂടെ ആവിഷ്കരിക്കുന്നത്. കോഴിക്കോട് ഇതുവരെ കണ്ടതിൽവെച്ച് ഏറ്റവും വലിയ സംഗീജ്ഞന്മാരുടെ സംഘമാണ് ചിത്രക്കൊപ്പം പിന്നണിയൊരുക്കുന്നത്.
കോഴിക്കോടിന്റെ ചലച്ചിത്രഗാന പ്രതിഭകളെയും ചടങ്ങിൽ ആദരിക്കുന്നുണ്ട്. കലാ, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരും പങ്കെടുക്കും. ചിത്രവർഷത്തിനു മുന്നോടിയായി നടത്തിയ ചിത്രപ്പാട്ട് മത്സരത്തിലെ വിജയികളെ വേദിയിൽ പ്രഖ്യാപിക്കും. വൈകീട്ട് 5.30 മുതൽ കാലിക്കറ്റ് ട്രേഡ് സെന്ററിലേക്ക് പ്രവേശനം ആരംഭിക്കും.
പാസ് മൂലം പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. അരയിടത്തുപാലം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ഹോട്ടൽ ട്രൈപെന്റക്ക് സമീപമുള്ള എച്ച്.പി പെട്രോൾ പമ്പ് കഴിഞ്ഞയുടൻ ഒരുക്കിയ ഏരിയയിലാണ് പാർക്ക് ചെയ്യേണ്ടത്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, മൈജി, സൈലം എന്നിവരാണ് പരിപാടിയുടെ മുഖ്യ സ്പോൺസർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.