ചാലിയാറിൽ നടന്ന വള്ളംകളിയിൽ മൂന്നാംസ്ഥാനത്തേക്കുള്ള മത്സരശേഷം എ.കെ.ജി
ചെറുവത്തൂരിന്റെ വള്ളം മറിഞ്ഞപ്പോൾ
ഫറോക്ക്: പ്രതികൂല കാലാവസ്ഥയിൽ കോരിച്ചൊരിയുന്ന മഴയെ വകവെക്കാതെ എത്തിയ പതിനായിരങ്ങളുടെ ആവേശക്കൊടുമുടിയിൽ നാടിനെ ത്രസിപ്പിച്ച് ചാലിയാർ വള്ളംകളി. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ കേരള ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി ജില്ലതല ഓണാഘോഷ പരിപാടികളോടനുബന്ധിച്ചാണ് കോഴിക്കോട് ഫറോക്ക് ചാലിയാറിൽ വള്ളംകളി മത്സരം സംഘടിപ്പിച്ചത്.
മൂന്ന് വിഭാഗങ്ങളിലായി നടന്ന പ്രാഥമിക മത്സരത്തിനുശേഷം ഫൈനലിൽ ഇഞ്ചോടിഞ്ച് മത്സരത്തിൽ ഫോട്ടോ ഫിനിഷിൽ 20 സെക്കൻഡിന്റെ വ്യത്യാസത്തിലാണ് പാലിച്ചോൻ റിവർ നിൻജാസ് ബോട്ട് ക്ലബ് അച്ചാംതുരുത്ത് ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയത്. രണ്ടാം സ്ഥാനം നേടിയ എ.കെ.ജി പൊടോതുരുത്ത് റിവറായിരുന്നു അവസാനംവരെ മുന്നിൽ നിന്നിരുന്നത്. അപ്രതീക്ഷിതമായാണ് പാലിച്ചോൻ മുന്നിലെത്തിയത്.
ഫോട്ടോ ഫിനിഷിലാണ് അവരുടെ വിജയം. മൂന്നാം സ്ഥാനം വയൽക്കര വെങ്ങാട് ബോട്ട് ക്ലബ് നേടി. ഫറോക്ക് പഴയപാലത്തിനും പുതിയ പാലത്തിനുമിടയിലെ ചാലിയാറിൽ നടന്ന മത്സരം കാണാൻ പതിനായിരങ്ങളാണ് തടിച്ചുകൂടിയത്. 30 പേർ തുഴയുന്ന 10 ടീമുകളാണ് മത്സരത്തിൽ മാറ്റുരച്ചത്. ചാലിയാറിൽ 700 മീറ്ററിലധികം ദൂരം മത്സരിച്ചാണ് വള്ളങ്ങൾ കാണികൾക്ക് ആവേശമായത്.
മൂന്ന് ഹീറ്റ്സുകളായി നടന്ന പ്രാഥമിക മത്സരത്തിൽനിന്ന് വിജയികളായ പാലിച്ചോൻ ബോട്ട് ക്ലബ്, ശ്രീ വയൽക്കര വെങ്ങാട് ബോട്ട് ക്ലബ്, എ.കെ.ജി പൊടോതുരുത്ത് റിവർ തണ്ടർ എന്നീ ടീമുകളാണ് ഫൈനലിൽ മാറ്റുരച്ചത്. മൂന്നും കാസർകോട് ജില്ലയിൽനിന്നുള്ള ചുരുളൻ വള്ളങ്ങളായിരുന്നു. മത്സരത്തിൽ പങ്കെടുത്ത 10 വള്ളങ്ങളും കാസർകോട്ടുനിന്നുള്ളതാണ്.
തെക്കൻ, മധ്യകേരളത്തിന്റെ ആവേശമായ വള്ളംകളിക്ക് മലബാറിലും ആവേശത്തോടെ വരവേൽപ് നൽകാൻ പതിനായിരങ്ങളുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു കോഴിക്കോടു നിന്നും സമീപ ജില്ലകളിൽ നിന്നുമെത്തിയ കാണികൾ. ജലോത്സവം കാണാൻ ചാലിയാറിന്റെ ഇരുകരകളിലും വിപുല സൗകര്യമാണ് ഒരുക്കിയത്. വരും കാലങ്ങളിലും ചാലിയാറിന്റെ തീരത്ത് വള്ളംകളി മത്സരത്തിനായി ഒത്തുകൂടുമെന്ന പ്രഖ്യാപനത്തോടെയാണ് കാണികളും മത്സരാർഥികളുമെല്ലാം പിരിഞ്ഞത്. സമാപന സമ്മേളനം പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഫറോക്ക് നഗരസഭ ചെയർമാൻ എൻ.സി. അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു. ബേപ്പൂർ മണ്ഡലം വികസന മിഷൻ ചെയർമാൻ എം. ഗിരീഷ് സ്വാഗതം പറഞ്ഞു. വിജയികൾക്ക് മന്ത്രി മുഹമ്മദ് റിയാസ് ട്രോഫികൾ വിതരണം ചെയ്തു.
മത്സരത്തിനിടെ വള്ളം മറിഞ്ഞത് ആശങ്കയുണർത്തി
ഫറോക്ക്: മൂന്നാം സ്ഥാനക്കാർക്കായുള്ള വള്ളംകളി മത്സരശേഷം വള്ളം മറിഞ്ഞത് ആശങ്കയുണർത്തി. രണ്ടുപേർക്ക് നിസ്സാര പരിക്കേറ്റെങ്കിലും എല്ലാവരെയും നിമിഷനേരം കൊണ്ട് രക്ഷപ്പെടുത്തി. എ.കെ.ജി ചെറുവത്തൂർ വള്ളം മത്സരം പൂർത്തിയാക്കി മുന്നോട്ട് കുതിക്കുന്നതിനിടെ ഫറോക്ക് പഴയപാലത്തിന്റെ കൽത്തൂണിൽ വള്ളത്തിന്റെ മധ്യഭാഗം ഇടിച്ച് മറിയുകയായിരുന്നു.
ഈ സമയം ഇവരെ അനുഗമിച്ച മീഞ്ചന്ത, വെള്ളിമാട്കുന്ന് അഗ്നിരക്ഷാ നിലയത്തിലെ മുങ്ങൽ വിദഗ്ധർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാർ, സിവിൽ ഡിഫൻസ് വളന്റിയർമാർ എന്നിവർ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ ശിഹാബുദ്ദീന്റെ നേതൃത്വത്തിൽ സംഭവസ്ഥലത്തേക്ക് കുതിക്കുകയും മറിഞ്ഞ തോണിയിൽ പിടിച്ചുനിന്നവരെ ഡിങ്കിയിൽ കയറ്റുകയുമായിരുന്നു. ഒഴുക്കിൽപ്പെട്ടവർക്ക് ലൈഫ്ബോയകൾ എറിഞ്ഞ് രക്ഷപ്പെടുത്തുകയും ചെയ്തു. അപകടത്തിൽപെട്ട രണ്ടുപേർക്ക് നീന്തലറിയാത്തതിനാൽ ആദ്യം ഇവരെ രക്ഷപ്പെടുത്തി. ഒരാളുടെ കാൽമുട്ടിന് തോണിയിടിച്ച് പരിക്കേറ്റതൊഴിച്ചാൽ വേറെ അപായമൊന്നും ഉണ്ടായില്ല.
നൂറുകണക്കിന് കാണികൾ ശ്വാസമടക്കിപ്പിടിച്ചാണ് അപകടം കൺമുന്നിൽ കണ്ടത്. എല്ലാവരും രക്ഷപ്പെട്ടെന്ന് അറിഞ്ഞപ്പോഴാണ് ആശങ്ക ഒഴിഞ്ഞത്. കനത്ത മഴ കാരണം ചാലിയാറിൽ നല്ല അടിയൊഴുക്കാണ്. ഇവ വകവെക്കാതെയാണ് മത്സരാർഥികൾ വള്ളവുമായി ചാലിയാറിൽ തുഴഞ്ഞത്. മറിഞ്ഞ തോണി തീരദേശ പൊലീസിന്റെ ബോട്ടിൽ കെട്ടി കരക്കെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.