പുലിമുട്ടിലെ കല്ലിൽ ഇടിച്ച് അപകടത്തിലായ മത്സ്യബന്ധന ബോട്ട് മറ്റു ബോട്ടുകളുടെ സഹായത്തോടെ കെട്ടിവലിച്ച് ബേപ്പൂർ തുറമുഖ വാർഫിൽ എത്തിച്ചപ്പോൾ

ബേപ്പൂരിൽ പുലിമുട്ടിലിടിച്ച് ബോട്ട് തകർന്നു

ബേപ്പൂർ: ഫിഷിങ് ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിന് പോകവെ അഴിമുഖത്ത് പുലിമുട്ടിന്റെ കല്ലിലിടിച്ച് യന്ത്രവത്കൃത ബോട്ടിന്റെ അടിഭാഗം തകർന്നു. ബേപ്പൂർ കുന്നത്ത് പറമ്പിൽ കെ.പി. വാഹിദിന്റെ 'സെയ്ത് മദനി' ബോട്ടാണ് വെള്ളിയാഴ്ച രാത്രി 9.30ന് അപകടത്തിൽപെട്ടത്.

ഹാർബറിൽനിന്ന് 10 തൊഴിലാളികളുമായി മത്സ്യബന്ധനത്തിന് പോകവെ, ശക്തമായ തിരമാലയിൽ അഴിമുഖത്തുവെച്ച് ദിശതെറ്റി പുലിമുട്ടിലെ കല്ലിൽ ഇടിക്കുകയായിരുന്നു. അടിഭാഗത്ത് ദ്വാരം വീണ് വെള്ളം കയറിയാണ് ഇരുമ്പുനിർമിത ബോട്ട് അപകടത്തിലായത്.

ഇടിയുടെ ആഘാതത്തിൽ വെള്ളത്തിലേക്ക് തെറിച്ചുവീണ മത്സ്യത്തൊഴിലാളി ആലപ്പുഴ സ്വദേശി സ്റ്റാലിനെ (52) സമീപത്തുണ്ടായിരുന്ന തോണിക്കാർ രക്ഷപ്പെടുത്തി. ബോട്ടിനകത്ത് വെള്ളം കയറിയതോടെ എൻജിനും നിശ്ചലമായി.

ബോട്ടിന്റെ സ്രാങ്ക് ആലപ്പുഴ സ്വദേശി ജോൺസൺ അപകടവിവരം ഉടമയെയും ഹാർബറിലുള്ളവരെയും ഫോണിൽ അറിയിച്ചു. ഹാർബറിൽനിന്ന് റാഹത്ത്, അഹദ് എന്നീ ബോട്ടുകൾ എത്തിയശേഷം, വെള്ളം കയറി മുക്കാൽ ഭാഗവും താഴ്ന്ന ബോട്ട് കെട്ടിവലിച്ചു ബേപ്പൂർ തുറമുഖ വാർഫിൽ എത്തിച്ചു.

തുറമുഖ ജീവനക്കാരുടെ സഹായത്തോടെ വൈദ്യുതിയും പമ്പുസെറ്റുകളും നൽകി. ആറ് പമ്പുസെറ്റുകൾ ഉപയോഗിച്ച് മണിക്കൂറുകളുടെ പരിശ്രമത്തിൽ ബോട്ടിൽ കയറിയ വെള്ളം ഒഴിവാക്കാൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.

അടിഭാഗത്തെ ദ്വാരത്തിലൂടെ ശക്തമായി വെള്ളം വീണ്ടും ബോട്ടിലേക്ക് കയറിക്കൊണ്ടിരുന്നു. ബോട്ട് മുഴുവൻ മുങ്ങുമെന്ന ഘട്ടത്തിലെത്തിയപ്പോൾ ഭയാശങ്കയിലായ ജീവനക്കാർ മുങ്ങൽ വിദഗ്ധരുടെ സഹായം തേടി.

ചാലിയം സ്വദേശികളായ ടി.കെ. സവാദ്, സിദ്ദീഖ്, മുസ്തഫ എന്നിവരുടെ ശ്രമഫലമായി അടിഭാഗത്തെ ദ്വാരം താൽക്കാലികമായി അടച്ചശേഷമാണ് വെള്ളം പൂർണമായും ഒഴിവാക്കി ബോട്ട് പൊക്കിയത്. തുറമുഖ വാർഫിൽനിന്ന് പിന്നീട് ബോട്ട് അറ്റകുറ്റപ്പണിക്കായി യാർഡിലേക്ക് മാറ്റി. എട്ടുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Tags:    
News Summary - The boat was wrecked after hitting a weir at Beypur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.