മയക്കുമരുന്ന് സാമൂഹിക വിരുദ്ധ സംഘങ്ങൾ താവളമാക്കി ഉപയോഗിക്കുന്ന റെയിൽവേയുടെ
ഒഴിഞ്ഞ കെട്ടിടം
ബേപ്പൂർ: മീഞ്ചന്ത ഗവ. ഹൈസ്കൂളിന് പിൻവശം മുതൽ പാറപ്പുറം വരെയുള്ള റെയിലിന്റെ ഇരുവശങ്ങളും ലഹരി മാഫിയ സാമൂഹികവിരുദ്ധ സംഘങ്ങളുടെ പറുദീസയായി മാറുന്നു.റെയിൽവേ ട്രാക്ക് ഇൻസ്പെക്ടർമാർക്കും റെയിൽവേ ജോലിക്കാർക്കും വിശ്രമിക്കുന്നതിനു വേണ്ടി ഉള്ളിശ്ശേരിക്കുന്നിലെ റെയിലിന് സമാന്തരമായി നിർമിച്ച ഒഴിഞ്ഞ കെട്ടിടം കേന്ദ്രീകരിച്ച് രാപ്പകലില്ലാതെ ലഹരിവസ്തു വിൽപനയും ഉപയോഗവും നടക്കുന്നുണ്ടെന്ന് പരിസരവാസികൾ പരാതിപ്പെടുന്നു.
പകൽ സമയങ്ങളിൽ പരിസരത്തെ സ്കൂളുകളിലേയും കോളജുകളിലെയും ആൺ-പെൺ വ്യത്യാസമില്ലാതെ വിദ്യാർഥികൾ സംഘം ചേർന്നെത്തി റെയിലോരങ്ങളിലും ഇടവഴികളിലും, പൂട്ടിയിട്ട വീടുകളിലും തമ്പടിച്ച് ലഹരി ഉപയോഗിക്കുകയും അനാശാസ്യ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. ഇവരുടെ വൈകൃത ചേഷ്ടകൾ സംഘത്തിൽ പെട്ടയാളുകൾ തന്നെ മൊബൈലിൽ പകർത്തുന്നതും പതിവാണെന്ന് നാട്ടുകാർ പറയുന്നു. അപരിചിതരായ പലരും രാത്രിയിൽ ഇവിടെ തമ്പടിച്ച് പുലർച്ചെയാണ് മടങ്ങിപ്പോകുന്നത്.
ഇവരെ ചോദ്യം ചെയ്താൽ ഭീഷണി മുഴക്കും. നാട്ടുകാരിൽ ചിലരുടെ സഹായവും സംഘങ്ങൾക്ക് ലഭിക്കുന്നതായി പരാതിയുണ്ട്. നല്ലളം, പന്നിയങ്കര, ബേപ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഈ ഭാഗത്തേക്ക് വാഹന ഗതാഗതസൗകര്യം ഇല്ലാത്തതിനാൽ മിന്നൽ നിരീക്ഷണമോ പരിശോധനയോ സാധ്യമല്ലാത്തതിനാൽ ലഹരി സംഘം അഴിഞ്ഞാടുകയാണ്. രഹസ്യാന്വേഷണ വിഭാഗം ഈ ലഹരി കേന്ദ്രത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകാറുണ്ടെങ്കിലും ബന്ധപ്പെട്ടവർ ജാഗ്രത കാണിക്കുന്നില്ലെന്നും പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.