ബേ​പ്പൂ​ർ മേ​ഖ​ല​യി​ലെ ഉണക്കമത്സ്യകടകളിലൊന്ന് 

പച്ചമത്സ്യം സുലഭം; ഉണക്കമത്സ്യത്തിന് വിലയിടിഞ്ഞു

ബേപ്പൂർ: മൂന്നു മാസമായി കടലിൽ മത്തിയും അയലയും സുലഭമായി ലഭിക്കാൻ തുടങ്ങിയതോടെ പച്ചമത്സ്യത്തിനൊപ്പം ഉണക്കമത്സ്യത്തിന്റെ വിലയും ഇടിഞ്ഞു. ഉണക്കമത്സ്യത്തേക്കാള്‍ വിലക്കുറവില്‍ പച്ചമത്സ്യം എത്തുന്നതാണ് ഉണക്കമത്സ്യവിപണിക്ക് തിരിച്ചടിയായത്. അയലക്കാണ് പ്രധാനമായും വിലയിടിവ്. രണ്ടുമാസം മുമ്പ് വരെ കിലോക്ക് 350 മുതൽ 400 രൂപ വരെ വിലയുണ്ടായിരുന്ന വലിയ ഉണക്ക അയലക്ക് ഇപ്പോൾ 200 മുതൽ 250 രൂപവരെയാണ് വില.

പച്ച അയല കിലോക്ക് 80-100 രൂപ വരെ വിലയായപ്പോഴാണ്, ഉണക്ക അയലയുടെ വിലയും കുറഞ്ഞത്. മാന്തൾ, മുള്ളൻ, നെത്തൽ, സ്രാവ് തുടങ്ങിയ ഉണക്കമത്സ്യങ്ങൾക്കും താരതമ്യേന വിലയിടിഞ്ഞു. വിലക്കുറവുണ്ടായിട്ടും ഉണക്കമത്സ്യം പണ്ടത്തെപ്പോലെ കച്ചവടം നടക്കാത്തതിന്റെ കാരണം പച്ചമത്സ്യം വേണ്ടുവോളം ലഭിക്കുന്നതാണെന്ന് വ്യാപാരികൾ പറഞ്ഞു.

ബേപ്പൂർ മേഖലയിലെ വിവിധ ഭാഗങ്ങളിൽ പ്രതിവാര ചന്തകളിൽ 15 വർഷത്തോളമായി ഉണക്കമീൻ വ്യാപാരം നടത്തുന്ന മാറാട് നൈനാംവളപ്പിൽ ഹനീഫ ഉണക്ക മത്സ്യത്തിന്റെ കച്ചവടം ഇപ്പോൾ മുമ്പത്തെപോലെയില്ലെന്ന് അഭിപ്രായപ്പെട്ടു.

പച്ചമത്സ്യങ്ങള്‍ക്ക് ക്ഷാമം നേരിടുന്ന മഴക്കാലത്ത് ഉണക്ക മത്സ്യങ്ങള്‍ക്ക് നല്ല ആവശ്യകതയാണ്. തീരമേഖലയിൽ വെച്ചുതന്നെ മത്സ്യത്തൊഴിലാളികൾ വൃത്തിയോടെ കഴുകി കീറിയതിനുശേഷം, ഉപ്പുപുരട്ടി മണ്ണിൽ തൊടാതെ ഉണക്കിയെടുക്കുന്ന ഉണക്കമത്സ്യങ്ങൾക്ക് നാട്ടിൽ ആവശ്യക്കാർ ധാരാളമാണ്. കൊടുംവെയിലിൽ ഉപ്പില്ലാതെ ഉണക്കിയെടുക്കുന്ന നെത്തലും മാന്തളും പൊടിച്ചെമ്മീനും ലഭ്യമാണ്.

വിപണി വളർന്നതോടെ തദ്ദേശീയമായ മത്സ്യസമ്പത്ത് പോരാതെ വന്നപ്പോൾ ആന്ധ്രയിൽനിന്നും തമിഴ്നാട്ടിൽനിന്നുമൊക്കെയുള്ള വരവു മത്സ്യങ്ങളാണ് ഉണക്കമീൻ വിപണിയിലെ പ്രധാന ഇനം.

പച്ചമത്സ്യങ്ങൾ വൃത്തിയാക്കി കഴുകി ഉപ്പിട്ട് ഉണക്കേണ്ടതിനു പകരം ചീഞ്ഞതും മറ്റുതരത്തിൽ കേടായതുമായ മത്സ്യങ്ങൾ ഇതരസംസ്ഥാനങ്ങളിൽനിന്ന് വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഉണക്കമീനാക്കി മാർക്കറ്റിലെത്താറുണ്ട്. ഇവ ആരോഗ്യത്തിന് ഹാനികരമായതിനാൽ ശുചിത്വത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രാദേശികമായ ഉണക്കമീനിന് ആവശ്യക്കാർ ഏറെയാണ്. 

Tags:    
News Summary - Raw fish available- price of dried fish fell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.