അന്തർസംസ്ഥാന മീൻ പിടിത്തക്കാർ ബേപ്പൂരിൽ: നാട്ടുകാർ ആശങ്കയിൽ

ബേപ്പൂർ : ബേപ്പൂരിലെ യന്ത്രവത്​കൃത ബോട്ടുകളിൽ മീൻപിടിത്തത്തിനായി കൊണ്ടുവന്ന അന്തർ സംസ്ഥാനക്കാർക്ക് കോവിഡ് കേസുകൾ വർധിക്കുന്നതിൽ നാട്ടുകാർക്ക് ആശങ്ക. ബേപ്പൂരിൽ കോവിഡ്​ സ്ഥിരീകരിക്കപ്പെട്ടവർ, മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ടവരാകയാൽ, വ്യാപന സാധ്യതയേറെയാണെന്നതാണ്​ ആശങ്ക. യന്ത്രവത്​കൃത ബോട്ടുകളിലേക്ക് കൊണ്ടുവന്ന അന്തർസംസ്ഥാന തൊഴിലാളികളെ തിരിച്ചയക്കണമെന്ന ആവശ്യം ഇതോടെ ശക്തമായി. കോവിഡ് വ്യാപന ഭീതി ഒഴിയുന്നത് വരെ ഫിഷിങ്​ ഹാർബർ പൂർണമായും അടക്കുകയും ദൂരദിക്കുകളിൽ നിന്നെത്തുന്ന മത്സ്യ വാഹനങ്ങളും മറ്റും കർശനമായി തടയണമെന്നും അഭിപ്രായമുണ്ട്.

അന്തർസംസ്ഥാന മത്സ്യത്തൊഴിലാളികൾ പലരും തീവണ്ടികളിലെത്തി തിരൂർ സ്​റ്റേഷനിൽ ഇറങ്ങി, വള്ളങ്ങളിലും മറ്റുമായി ഹാർബറിലെത്തി ബോട്ടുകളിൽ താമസിക്കുന്നതായും പറയപ്പെടുന്നു. അന്തർസംസ്ഥാന മീൻപിടിത്തക്കാർ, കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി 14 ദിവസത്തെ ക്വാറൻറീനിൽ നിൽക്കാതെ വ്യാപാരികളുടെയും നാട്ടുകാരുടെയും ആരോഗ്യ സുരക്ഷക്ക് ഭീഷണിയാകുന്ന തരത്തിൽ ,സാധാരണ തൊഴിലാളികളെ പോലെ

അങ്ങാടികളിലും മറ്റും യഥേഷ്​ടം ചുറ്റിത്തിരിഞ്ഞു നടക്കുന്നതായും ആക്ഷേപമുണ്ട്. ഫിഷറീസ് അധികൃതരുടെ മുമ്പാകെ രജിസ്ട്രേഷൻ പോലും നടത്താതെ ,നിയമം ലംഘിച്ച് ബോട്ടുകളിലും ,തുറമുഖ പരിസരത്തെ ചില കെട്ടിടങ്ങളിലും, നാട്ടിൽ തിരിച്ചു പോകാതിരുന്ന അന്തർ സംസ്ഥാന സുഹൃത്തുക്കളുടെ മുറികളിലും താമസിക്കുന്നതായി ആരോഗ്യ വിഭാഗത്തിനും പൊലീസിനും വിവരം ലഭിച്ചിട്ടുണ്ട്. യന്ത്രവത്​കൃത ബോട്ടുകളിൽ മത്സ്യബന്ധനം നടത്താനായി എത്തിച്ച, തമിഴ്നാട്, പശ്ചിമബംഗാൾ, ഒഡിഷ, ബിഹാർ, അസം, ഛത്തിസ്ഗഢ്​ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തൊഴിലാളികൾ, കോഴിക്കോട് നഗരത്തിലും ബേപ്പൂർ ,ഫറോക്ക്, രാമനാട്ടുകര ,കരിപ്പൂർ എയർപോർട്ട് പരിസരം എന്നിവിടങ്ങളിലെ ലോഡ്ജുകളിലും താമസിക്കുന്നുണ്ട്.

ഇതിനായി ബോട്ടുടമകൾക്ക് വലിയ സാമ്പത്തിക ബാധ്യതയുമുണ്ട്. ഒരു തൊഴിലാളിയുടെ ക്വാറൻറീൻ ചുമതല, ആരോഗ്യ പരിശോധന, ഭക്ഷണം ,താമസം എന്നിവക്കായി 25,000 മുതൽ 40,000 രൂപവരെ ചെലവ് വരുമെന്നാണ് പറയപ്പെടുന്നത്. ആഴക്കടൽ മീൻ പിടിത്തത്തിൽ വിദഗ്ധരായ, ഇവരെ ഇനി തിരിച്ചയക്കുന്നത് വൻ സാമ്പത്തിക നഷ്​ടം വരുത്തുമെന്നാണ് ഉടമകൾ പറയുന്നത്.

മീൻപിടിത്തക്കാർക്ക്​​ വേണ്ടി മിന്നൽ പരിശോധന

ബേപ്പൂർ: ബേപ്പൂരിലെ യന്ത്രവത്കൃത ബോട്ടുകളിൽ മീൻ പിടിത്ത ജോലിക്കായി അനധികൃതമായി എത്തിയ അന്തർസംസ്ഥാനക്കാരെ തിരയുന്നതിന് ഹാർബറിൽ മിന്നൽ പരിശോധന നടത്തി. ഹാർബർ മാനേജ്മെൻറ് കമ്മിറ്റി തീരുമാനങ്ങളും, കോവിഡ് നിയന്ത്രണ-നിയമങ്ങളും ലംഘിച്ച് ബോട്ടുകളിലും, പരിസരത്തെ കെട്ടിടങ്ങളിലും കഴിഞ്ഞുകൂടുന്ന അന്തർസംസ്ഥാനക്കാരെ കണ്ടെത്തുന്നതി​െൻറ ഭാഗമായാണ് സി.ഐ സന്തോഷ് കുമാറി‍െൻറ നേതൃത്വത്തിൽ -ഫിഷറീസ്- ആരോഗ്യ വകുപ്പ്​- മറൈൻ പൊലീസ് വിഭാഗം ഞായറാഴ്ച പരിശോധന നടത്തിയത്.

രഹസ്യവിവരം ലഭിച്ചതി‍െൻറ അടിസ്ഥാനത്തിൽ, 25 ഓളം ബോട്ടുകൾ പരിശോധിച്ചതിൽ 13 ബോട്ടുകളിലായി 89 അന്തർസംസ്ഥാനക്കാർ അനധികൃതമായി താമസിക്കുന്നതായി കണ്ടെത്തി. ബോട്ടുകളിൽ കൂടിച്ചേർന്നുള്ള താമസം അനുവദനീയമല്ലെന്നും ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുവാൻ റിപ്പോർട്ട് നൽകുമെന്നും ആരോഗ്യവിഭാഗം അറിയിച്ചു.

അതേസമയം 14 ദിവസത്തെ ക്വാറൻറീൻ കഴിഞ്ഞ്, കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ലഭിച്ചവരാണെന്നും, കാലാവസ്ഥ പ്രക്ഷുബ്​ധമായതിനാൽ ബോട്ടുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനാണ് ബോട്ടുകളിൽ താമസിക്കുന്നതെന്നും അന്തർസംസ്ഥാന തൊഴിലാളികളും, ബോട്ടുടമകളും വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.