എം. രാഘവൻ മാസ്റ്റർ
ബാലുശ്ശേരി: തലമുതിർന്ന സി.പി.എം നേതാവ് എം. രാഘവൻ മാസ്റ്റർക്ക് തെരഞ്ഞെടുപ്പ് കാലം ഒരുപാട് ഓർമകളുടെ കാലം കൂടിയാണ്. ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റായും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായും 22 കൊല്ലം പ്രവർത്തിച്ച രാഘവൻ മാസ്റ്ററുടെ ഭരണകാലം ബാലുശ്ശേരി പഞ്ചായത്തിന്റെ മുഖച്ഛായ മാറ്റത്തിന് തുടക്കംകുറിച്ച കാലം കൂടിയാണ്. 1988ൽ ആദ്യമായി പ്രസിഡന്റ് പദം ഏറ്റെടുത്ത കാലംതന്നെ പരിമിതമായ സാമ്പത്തിക സ്രോതസ്സുകൊണ്ട് ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു.
അഞ്ചുകൊല്ലമായി പൊതുപ്രവർത്തനങ്ങളിൽനിന്ന് മാറിനിന്ന് കുന്നക്കൊടിയിലെ വീട്ടിൽ വിശ്രമജീവിതം നയിക്കുകയാണ് 85കാരനായ രാഘവൻ മാസ്റ്റർ. എന്നാലും, തെരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുമ്പോൾ വെറുതെ വീട്ടിലിരിക്കാൻ തന്നെ കിട്ടില്ലെന്ന ചിന്തയിൽ കുന്നക്കൊടിയിലെ ചായക്കടയിലേക്ക് അൽപസ്വൽപം രാഷ്ട്രീയം പറയാനായി ഓടിയെത്തുന്നത് പതിവാണ്. കടുപ്പത്തിലൊരു ചായയും കുടിച്ച് പഴയകാല തെരഞ്ഞെടുപ്പ് പ്രചാരണ വിശേഷങ്ങൾ ചായക്കടയിലെത്തുന്ന സുഹൃത്തുക്കളുമായി പങ്കുവെക്കുന്നതിൽ ഇപ്പോഴും രാഘവൻ മാസ്റ്റർക്ക് ആവേശമാണ്.
സ്ഥാനാർഥികളുടെ വർണാഭമായ ബോർഡുകളും നവമാധ്യമ ഇടപെടലുകളും ഇല്ലാതിരുന്ന കാലത്ത് വീടുകൾതോറും കയറിയിറങ്ങിയും ഇടവഴികളിലും കുന്നിൻപുറത്തും കൂട്ടംകൂടിനിന്ന് ഉച്ചഭാഷിണിയിലൂടെ പ്രസംഗിച്ചുമാണ് പ്രചാരണം കൊഴുപ്പിച്ചിരുന്നത്. മുല്ലോളിത്തറ മലയുടെ മുകളിൽനിന്ന് രാത്രി ഏറെ വൈകി ഉച്ചഭാഷിണിയിലൂടെ പ്രസംഗിക്കുമ്പോൾ പ്രതിധ്വനി വാർഡ് മുഴുവൻ കേൾക്കുമായിരുന്നെന്ന് രാഘവൻ മാസ്റ്റർ ഓർക്കുന്നു. ചാക്ക് ബോർഡുകളിൽ കുമ്മായം തേച്ച് മിനുക്കി മഷികൊണ്ട് എഴുതിയ പ്രചാരണ ബോർഡുകളായിരുന്നു കവലകളിൽ സ്ഥാപിച്ചിരുന്നത്.
റോഡുവക്കിലും ഇടവഴികളിലുമുള്ള മതിൽക്കെട്ടുകളിൽ നൂറ് കലക്കി സ്ഥാനാർഥിയുടെ പേരും ചിഹ്നവും എഴുതി പ്രദർശിപ്പിക്കുന്നതും പ്രചാരണത്തിന്റെ ഭാഗമായിരുന്നു. 1988 ജനുവരിയിൽ നടന്ന തെരഞ്ഞെടുപ്പിലാണ് ആദ്യമായി മത്സരിക്കുന്നത്. അത്തവണ ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 93ലും 98ലും വീണ്ടും രാഘവൻ മാസ്റ്റർതന്നെയായിരുന്നു പ്രസിഡന്റ്. അവസാന വർഷം രണ്ടരക്കൊല്ലമായിരുന്നു പ്രസിഡന്റായി പ്രവർത്തിച്ചത്. അതിനുശേഷം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാകുകയും ചെയ്തു. ഭരണകാലയളവിൽ മറ്റു അംഗങ്ങളുമായും പ്രതിപക്ഷ അംഗങ്ങളുമായും സ്വരചേർച്ചയോടെ പ്രവർത്തിക്കാൻ കഴിഞ്ഞുവെന്നത് ആത്മസംതൃപ്തി പകരുന്നതാണെന്ന് രാഘവൻ മാസ്റ്റർ പറഞ്ഞു.
ബാലുശ്ശേരി മിനി സ്റ്റേഡിയം, എരമംഗലം പി.എച്ച്.സി, കോക്കല്ലൂരിൽ ഹയർ സെക്കൻഡറി സ്കൂൾ, സബ്ട്രഷറി തുടങ്ങിയ സ്ഥാപനങ്ങളും പഞ്ചായത്തിൽ ഒട്ടേറെ കുടിവെള്ള പദ്ധതികളും തുടങ്ങാനായതും രാഘവൻ മാസ്റ്ററുടെ കാലത്താണ്. വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പഞ്ചായത്ത് ഓഫിസിന് സ്വന്തമായി സ്ഥലം വാങ്ങി പുതിയ കെട്ടിടം നിർമിക്കാൻ കഴിഞ്ഞു. പഞ്ചായത്ത് ഓഫിസ് പാർട്ടിയുടെ ഓഫിസായിരിക്കരുതെന്നും ജനങ്ങളുടെ ഓഫിസായിരിക്കണമെന്നുമുള്ള നിഷ്കർഷത രാഘവൻ മാസ്റ്റർക്കുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.