വസ്തുവിലൂടെയുള്ള നടത്തം നിർത്താൻ കലക്ടർക്ക് പരാതി: നഗരസഭക്ക് ലഭിച്ചത് 89 സെന്റ് ഭൂമി

മുക്കം: പറമ്പിലൂടെ കുട്ടികൾ കളിക്കാൻ പോകുന്നത് തടയണമെന്നാവശ്യപ്പെട്ട് കലക്ടർക്ക് പരാതി നൽകിയ ഭൂവുടമയുടേത് ഉൾപ്പെടെ 89 സെന്റ് ഭൂമി നഷ്ടമായി. മുക്കം നഗരസഭയിൽ നീലേശ്വരം വില്ലേജിൽ ഇരുവഴിഞ്ഞിപ്പുഴയുടെ മനോളി കടവിലാണ് സംഭവം. തന്റെ വസ്തുവിലൂടെ കുട്ടികൾ നടക്കുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആഗസ്റ്റിലാണ് സ്ഥലമുടമ ജില്ല കലക്ടർക്ക് പരാതി നൽകിയത്.പരാതിയിൽ കലക്ടറുടെ നിർദേശപ്രകാരം ഭൂരേഖ വിഭാഗം തഹസിൽദാർ പ്രത്യേക സർവേയർ നടത്തിയ പരിശോധനയിൽ പരാതിക്കാരൻ ഉൾപ്പെടെ ഭൂമികൈയേറിയതായി കണ്ടെത്തുകയായിരുന്നു. മുക്കം നഗരസഭക്ക്‌ അവകാശപ്പെട്ട പുഴ പുറമ്പോക്ക് ഭൂമിയാണ് കൈയേറിയതെന്ന് ബോധ്യപ്പെട്ടതോടെ നഗരസഭയോട് സ്ഥലം ഏറ്റെടുക്കാൻ റവന്യൂ വിഭാഗം ആവശ്യപ്പെടുകയായിരുന്നു. നഗരസഭ കൗൺസിൽ യോഗം ചേർന്ന സ്ഥലം ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു. നഗരസഭ സെക്രട്ടറിയുടെ മേൽനോട്ടത്തിലുള്ള സംഘം ഭൂമി അളന്നു തിട്ടപ്പെടുത്തി അതിർത്തി കല്ലുകളും നഗരസഭയുടെ ബോർഡും സ്ഥാപിച്ചു. സ്ഥലത്ത് 48 റബർ മരങ്ങളും 178 കവുങ്ങുകളും 7 തേക്കുകളും ഉണ്ട്. മരങ്ങൾ നമ്പർ ചെയ്യാൻ നടപടി സ്വീകരിക്കും. വസ്തുവിലുള്ള മൈതാനം നവീകരിച്ച് വോളിബാൾ കളിക്കായി ഉപയോഗിക്കാനും 30 സൻെറ് സ്ഥലം ഉപയോഗപ്പെടുത്തി കുട്ടികൾക്കുള്ള പാർക്ക് നിർമിക്കാനും പദ്ധതി തയാറാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നഗരസഭ സെക്രട്ടറി എൻ .കെ. ഹരീഷ് , റവന്യൂ ഇൻസ്പെക്ടർ പി. സുരേഷ് ബാബു, ഓവർസിയർ ബൈജു, ഹെൽത്ത് ഇൻസ്പെക്ടർ ടി .അജിത്ത് ക്ലർക്ക് സിജു എന്നിവർ സ്ഥലമേറ്റെടുക്കലിന് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.