ഇത്​ കാലിക്കറ്റ്​-വയനാട്​ 'നൊസ്​റ്റാൾജിയ' സർവിസ്​; വയസ്സ്​ 83

കോഴി​ക്കോട്​: കാലിക്കറ്റ്​-വയനാട് മോട്ടോർ സർവിസ്​ എന്ന സി.ഡബ്ല്യു.എം.എസ്​ വെറുമൊരു ബസല്ല കേട്ടോ. അതൊരു ഗൃഹാതുരത്വമാണ്​, പൈതൃകമു​ദ്രയാണ്​, പ്രണയമാണ്​​ അങ്ങനെ എന്തൊക്കയോ ആണ് അതിലെ യാത്രികർക്ക്​​​. ശരിക്കും പറഞ്ഞാൽ പതിവുയാത്രക്കാരുടെ ചങ്കാണീ ബസ്​. എട്ട്​ പതിറ്റാണ്ടിലേറെ പ്രായമുള്ള ബസ് സർവിസ്​. ഒരു തലമുറയുടെ മനസ്സിൽ ഇന്നും പച്ചയും മഞ്ഞയും പെയിന്‍റടിച്ച ഓർമകളുടെ ബസ്​.​ 83 വർഷമായി കോഴിക്കോട്ട്​ നിന്ന്​ വയനാട്​ ചുരം കയറി നീലഗിരി കുന്നിൻ താഴ്​വരയിലെ ദേവാലയിലേക്ക്​ സർവിസ്​ നടത്തുന്നു. കേരളം പിറക്കുന്നതിന്​ മുമ്പ്​ ആരംഭിച്ച സർവിസ്​. മലബാർ 'മദ്രാസ്​ സ്​റ്റേറ്റി'ൽ​ ആയിരുന്ന കാലത്ത് ഇതൊരു സംസ്ഥാന സർവിസ്​ ആയിരുന്നു. കേരളം പിറന്നതോടെ ഇതൊരു ഇന്‍റർ സ്​റ്റേറ്റ്​ ബസ്​ ആയി. ഇന്ന്​​ ഒരു പക്ഷേ കേരളത്തിൽ ദേശസാത്കൃത റൂട്ടിൽ ഓടുന്ന ഏക ഫാസ്​റ്റ്​ പാസഞ്ചർ സ്വ​കാര്യ ബസ്​.​ കേരളത്തിലെ ബസുകൾക്ക്​ യൂനിഫോം നിറങ്ങൾ വേണമെന്ന്​ സർക്കാർ നിർദേശിച്ചപ്പോഴും ഈ പൈതൃകബസിന്​ നിബന്ധനയിൽ ഇളവ്​ ലഭിച്ചു. കോഴിക്കോട്​ കേന്ദ്രമായി ​പ്രവർത്തിച്ച കമ്പനിയാണ്​ സി.ഡബ്ല്യു.എം.എസ്​. 1939ൽ ആരംഭിച്ചു. 95 ബസുകളാണ്​​ ഇവർക്കുണ്ടായിരുന്നത്​. ആ ഗണത്തിലുള്ള ഏക ബസ്​ ഇന്നും​ കോഴിക്കോട്​-ദേവാല റൂട്ടിൽ മുടങ്ങാതെ ഓടുന്നു. അതേ നാമത്തിൽ. അതേ നിറത്തിൽ, അതേ ഗുണത്തിൽ. മാറ്റം ഉടമസ്ഥന്​ മാത്രം. സി.ഡബ്ല്യു.എം.എസ്​ കമ്പനി ഇപ്പോഴുമുണ്ട്​. പക്ഷേ ബസ്​ സർവിസ്​ ഒക്കെ എന്നോ നിർത്തി. 95 ബസ്​ ഉണ്ടായിരുന്നത്​ 65 എണ്ണം റൂട്ട്​ ദേശസാത്കരണത്തിന്‍റെ പേരിൽ സർക്കാർ ഏറ്റെടുത്തു. ബാക്കി 30 എണ്ണം സിറ്റി സർവിസ്​ ഉൾപ്പെടെ നടത്തി. ബസ്​ വ്യവസായത്തിന്‍റെ പ്രതാപം തകർന്നടിയും മുമ്പേ കമ്പനി മറ്റു സംരംഭങ്ങളിലേക്ക്​ നീങ്ങി. ദേശസാത്കരണത്തിനിടയിലും കോഴിക്കോട്​-ദേവാല സർവിസും മൈസൂർ- ഗുരുവായൂർ പെർമിറ്റുകൾ സർക്കാർ കമ്പനിക്ക്​ തന്നെ വിട്ടു നൽകി. അവരിൽ നിന്ന്​ സ്വകാര്യവ്യക്​തികൾ ഏറ്റെടുത്തു. മൈസൂർ -ഗുരുവായൂർ ബസ്​ കോവിഡിന്​ ​ശേഷം സർവിസ്​ നടത്തുന്നില്ല. ലോക്​ഡൗൺ പ്രതിസന്ധിയും കടന്ന്​ ദേവാല -കോഴി​ക്കോട്​ ഇന്നും മുടങ്ങാതെ ഓടുന്നു. നല്ല വൃത്തിയിലും വെടിപ്പിലും. ഓരോ അഞ്ച്​ വർഷത്തിലും പുതിയ ബസ്​ ഇറക്കും. തനതു പെയിന്‍റിൽ. ഒന്നും ഒത്തിട്ടല്ലെന്ന്​ ബസ്​ ഉടമസ്ഥനായ എസ്​.എ. ഷാജഹാൻ പറയുന്നു. നാട്ടുകാർ വികാരമായിക്കൊണ്ടു നടക്കുന്ന ബസാണിത്​. ദിവസവും രാവിലെ 6.30 ന്​ ദേവാലയിൽ നിന്ന്​ പുറപ്പെട്ട്​ 10.30ന്​ കോഴിക്കോട്ടെത്തും. വൈകീട്ട്​ മൂന്നിന് മാവൂർ റോഡ്​ പുതിയ സ്റ്റാൻഡിൽ നിന്ന്​ പുറപ്പെട്ട്​ 7.00 മണിക്ക്​ തിരിച്ച്​ ദേവാലയിലെത്തും. നീലഗിരി ഗ്രാമങ്ങളിലെ തോട്ടം തൊഴിലാളികൾ ഉൾപ്പെടെ യാത്രക്കാർ ഉറച്ച പ്രതീക്ഷയിൽ കാത്തുനിൽക്കുമീ ബസിനെ. ആഴ്​ചയിലൊരിക്കൽ കോഴിക്കോട്​ നഗരത്തിൽ വന്ന്​ ചരക്കെടുത്ത്​ ഇതേ ബസിൽ യാത്രതിരിക്കുന്ന ചെറുവ്യാപാരികളുണ്ട്​. ബസിലെ ഡ്രൈവർമാരും കിളിയും കണ്ടക്ടറുമൊക്കെ യാത്രക്കാർക്ക്​ ബന്ധുജനങ്ങളാണ്​. കോഴിക്കോട്​ നിന്ന്​ മരുന്ന്​ വാങ്ങാനുള്ള ശീട്ട്​ ദേവാലക്കാർ ബസുകാരെ ഏൽപിക്കും. അവരത്​ വാങ്ങി എത്തിച്ചുകൊടുക്കും. പതിറ്റാണ്ടുകൾക്ക്​ മുമ്പ്​ സി.ഡബ്ല്യു.എം.എസ്​ ബസിന്‍റെ ഫോ​ട്ടോ ചില്ലിട്ട്​ വീട്ടിലെ ചുവരിൽ തുക്കിയിട്ട യാത്രക്കാർ ദേവാലയിലും പരിസരങ്ങളിലുമുണ്ടായിരുന്ന​ത്രേ. അത്രമേൽ ഈ ബസിനെ സ്​നേഹിച്ചവരുടെ പിന്മുറക്കാർ ഇന്നും ആ സ്​നേഹം മായാതെ സൂക്ഷിക്കുന്നു. മരണവിവരം ദൂരെയുള്ള ബന്ധുകളെ അറിയിക്കാൻ മറ്റു വഴികളില്ലാത്ത കാലത്ത്​ ഈ ബസിലെ ജീവനക്കാരെ ഏൽപിക്കുന്ന പതിവുണ്ടായിരുന്നു. അങ്ങനെ ഒരുപാട്​ ആത്മബന്ധങ്ങളുടെ കഥയുണ്ട്​ ഈ ബസിന്​ പറയാൻ. പുതിയ കാലം വന്നപ്പോൾ ഈ ബസിലെ യാ​ത്രക്കാർക്ക്​ വാട്​സ്​ ആപ്പ്​ ഗ്രൂപ്​ ഉണ്ട്​. ജീവനക്കാർ ഏറെയും പഴയകാലത്തുള്ളവർ. കോഴിക്കോട്ടുള്ളവർ. 25 വർഷമായി ഈ ബസിലെ കണ്ടക്ടറാണ്​ മോഹനൻ കൈതമോളി. അദ്ദേഹം പത്തുവർഷമായി കോഴിക്കോട്​ കക്കോടി പഞ്ചായത്ത്​ അംഗമാണ്​. -പി. ഷംസുദ്ദീൻ photo bk സി.ഡബ്ല്യു.എം.എസ്​ ബസ്​ കോഴിക്കോട്​ പുതിയ ബസ് സ്റ്റാൻഡിൽ നിന്ന്​ ദേവാലയിലേക്ക്​ പുറപ്പെടുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.