കൊടുവള്ളി-പെരിയാംതോട് നവീകരണം: 40 ലക്ഷം രൂപയുടെ പദ്ധതിക്ക് അനുമതി

കെടുവള്ളി: മാർക്കറ്റ് മാലിന്യം ഉൾപ്പെടെ ഒഴുകിയെത്തുന്ന കൊടുവള്ളി -പെരിയാംതോട് നവീകരണത്തിന് വഴിയൊരുങ്ങുന്നു. കൊടുവള്ളി അങ്ങാടിയിൽനിന്ന് ആരംഭിച്ച് ചെറുപുഴയിൽ അവസാനിക്കുന്ന പെരിയാംതോട് നവീകരിക്കുന്നതിന് നഗരസഞ്ചയനം പദ്ധതിയിൽ ഉൾപ്പെടുത്തി 40 ലക്ഷം രൂപയുടെ പദ്ധതിക്ക് അനുമതി ലഭിച്ചതായി നഗരസഭ ചെയർമാൻ വെള്ളറ അബ്ദു മാധ്യമത്തോട് പറഞ്ഞു. 2021-2022 ൽ അഞ്ച് ലക്ഷം രൂപയും 2023ൽ 20 ലക്ഷം രൂപയും 2024ൽ 15 ലക്ഷം രൂപയുമാണ് പദ്ധതിക്ക് വേണ്ടി ചെലവഴിക്കുക. ഓരോ വർഷവും സമയബന്ധിതമായാണ് പ്രവൃത്തികൾ നടത്തുക. കൊടുവള്ളി മാർക്കറ്റ് റോഡ് മുതലുള്ള മഴവെള്ളം ഒഴുകി പോകുന്നത് പെരിയാംതോട് വഴിയാണ്. മഴക്കാലത്ത് പല സ്ഥലത്തും ഒഴുക്ക് തടസ്സപ്പെടുന്നത് പതിവാണ്. അറവ് മലിന്യം ഓവുചാലിലൂടെ പെരിയാംതോട് വഴി പറമ്പത്ത് കാവ് പ്രദേശത്തേക്കാണ് എത്തിച്ചേരുന്നത്. പ്ലാസ്റ്റിക് മാലിന്യം അടക്കം ഒഴുകി വയലുകളിൽ എത്തുന്നതിനാൽ കൃഷിയിറക്കാനും വിഷമം നേരിടുകയാണ്. ചെറിയ മഴയിൽ പോലും വെള്ളം കയറിയിരുന്ന ആർ.ഇ.സി റോഡിൽ സലഫി മസ്ജിദിന് മുൻവശത്ത് കഴിഞ്ഞ വർഷം പുതിയ കലുങ്ക് നിർമിച്ചിട്ടുണ്ട്. പെരിയാംതോട് മാലിന്യപ്രശ്നം സംബന്ധിച്ച് മാധ്യമം നേരത്തെ പരമ്പര പ്രസിദ്ധീകരിച്ചിരുന്നു. എസ്റ്റിമേറ്റ് തയാറാക്കി പദ്ധതി ആരംഭിക്കും -ചെയർമാൻ കൊടുവള്ളി അങ്ങാടിയിൽനിന്ന് ആരംഭിച്ച് ചെറുപുഴയിൽ അവസാനിക്കുന്ന പെരിയാംതോട് നവീകരിക്കുന്നതിന് ഉടൻ എസ്റ്റിമേറ്റ് തയാറാക്കുമെന്ന് ചെയർമാൻ അബ്ദു വെള്ളറ പറഞ്ഞു. തോടിന്റെ ഭിത്തികൾ നിർമിച്ച് വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുകയാണ് പ്രധാന ലക്ഷ്യം. പ്രവൃത്തി വേഗത്തിലാക്കണം പെരിയാംതോട് നവീകരണം വേഗത്തിലാക്കണമെന്ന് നാട്ടുകാരനായ ഇ.കെ. ഉനൈസ് ആവശ്യപ്പെട്ടു. വൃത്തിയും വെടിപ്പുമാണ് നഗരങ്ങളെ വ്യത്യസ്തമാക്കുന്നത്. ഭംഗിയും വൃത്തിയുമുള്ള നഗരപാതകളും തോടുകളും നാടിന്റെ സൗന്ദര്യമാണ്. പെരിയാംതോട് നവീകരണത്തിന് ഫണ്ട് അനുവദിച്ചത് കൊടുവള്ളി നഗരവികസനത്തിന് ഒരു കുതിപ്പ് തന്നെയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.