കനത്തമഴ: വടകര താലൂക്കിൽ 1741 കുടുംബങ്ങള്‍ മാറിത്താമസിച്ചു

വിവിധ വില്ലേജുകളിലായി 10 ക്യാമ്പുകൾ വടകര: മഴ ശക്തമായതോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി അധികൃതര്‍ സജീവം. താലൂക്കില്‍ 10 ക്യാമ്പുകളിലായി 71 കുടുംബങ്ങളില്‍ നിന്ന്​ 239 പേരാണുള്ളത്. ബന്ധുക്കളുടെ വീടുകളിലേക്ക് 1670 കുടുംബങ്ങളില്‍നിന്ന്​ 6513 പേര്‍ മാറിത്താമസിച്ചു. മരുതോങ്കര നെല്ലിക്കുന്ന് ഷെല്‍ട്ടല്‍, ഒഞ്ചിയം പഞ്ചായത്തിലെ വാര്‍ഡ് ഒന്ന്, ആറ്, ഏഴ് എന്നിവിടങ്ങളിലെ അംഗന്‍വാടികള്‍, തിനൂര്‍, വിലങ്ങാട്, ചോറോട്, ചെക്യാട്, കോട്ടപ്പള്ളി, മണിയൂര്‍ എന്നീ വില്ലേജുകളിലാണ്​ ക്യാമ്പുകളുള്ളത്. കടലോരത്തെ കുടുംബങ്ങള്‍ ഏറെയും ബന്ധുവീടുകളിലാണ് അഭയം പ്രാപിച്ചത്​. ഞായറാഴ്ച പകല്‍ വടകരയുടെ പലഭാഗത്തും കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മഴ കുറവാണ്. കടല്‍ക്ഷോഭത്തിന് നേരിയ കുറവ് വന്നിട്ടുണ്ടെങ്കിലും തീരദേശവാസികളില്‍ ഭീതിയൊഴിഞ്ഞിട്ടില്ല. അഴിയൂര്‍, ഏറാമല പഞ്ചായത്തിലെ പുഴയോര മേഖലയില്‍ വെള്ളം ഇറങ്ങി. എന്നാല്‍, രാത്രി മഴ ശക്തമായി തുടർന്നാൽ ഡാം തുറക്കാനിടയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നുമാണ്​ മുന്നറിയിപ്പ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.