മലയോര ഹൈവേ: പശ്ചാത്തല മേഖല വികസനം ത്വരിതപ്പെടുത്തും -മന്ത്രി പി.എ. മുഹമ്മദ് റിയാസ്

തിരുവമ്പാടി: മലയോര ഹൈവേയുടെ നിർമാണം പൂർത്തിയാകുന്നതോടെ പശ്ചാത്തല മേഖലയുടെ വികസനം ത്വരിതപ്പെടുത്തുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിനായി നിർമിക്കുന്ന കെട്ടിടം, കൂടരഞ്ഞി-പൂവാറൻതോട്-ചാലിയാർ-നിലമ്പൂർ റോഡ് എന്നിവയുടെ നിർമാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മലയോര ഹൈവേ പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കും. മലയോര കർഷകരുടെ കാർഷികോൽപന്നങ്ങൾ സംസ്ഥാനത്തിന്റെ പ്രധാന നഗരങ്ങളിലേക്ക് എത്തിക്കാൻ പാത ഉപകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആനക്കാംപൊയിൽ-കള്ളാടി- മേപ്പാടി തുരങ്കപാത 2043 കോടിയിലധികം രൂപ ചെലവഴിച്ചാണ് നിർമിക്കുന്നത്. പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കൽ പ്രവൃത്തിയിലേക്ക് സർക്കാർ കടക്കുകയാണ്. ജനസാന്ദ്രതയും വാഹനപ്പെരുപ്പവും വലിയ പ്രയാസം സൃഷ്ടിക്കുന്നതായും ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമായാണ് കെ- റെയിൽ പദ്ധതിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. ലിന്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ജോസ് തോമസ് മാവറ, മുൻ എം.എൽ.എ ജോർജ് എം. തോമസ്, മേരി തങ്കച്ചൻ, സൂപ്രണ്ടിങ് എൻജിനീയർ വിശ്വപ്രകാശ് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.