മെഡിക്കൽ കോളജ്​ ആശുപത്രി: പുതിയ കെട്ടിടങ്ങളുണ്ട്, പക്ഷേ ജീവനക്കാരില്ല

കെട്ടിടങ്ങൾ നിർമിക്കുമ്പോഴും ജീവനക്കാരെ നിയമിക്കാതെയാണ്​ പ്രവർത്തനങ്ങൾ തുടങ്ങുന്നത് കോഴിക്കോട്​: മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ജീവനക്കാരുടെ ക്ഷാമം രൂക്ഷം. കെട്ടിടങ്ങൾ നിർമിക്കുമ്പോഴും ജീവനക്കാരെ നിയമിക്കാതെയാണ്​ പ്രവർത്തനങ്ങൾ തുടങ്ങുന്നത്​. മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പി.എം.എസ്​.എസ്​.വൈ ബ്ലോക്ക്​ മൂന്ന്​ മാസത്തിനകം പ്രവർത്തനം ആരംഭിക്കുമെങ്കിലും ജീവനക്കാരെ നിയമിച്ചിട്ടില്ല. ഏഴുനില കെട്ടിടത്തിലാണ് അത്യാഹിത വിഭാഗവും എമർജൻസി ഓപറേഷൻ തിയറ്ററുമടക്കം പ്രവർത്തിക്കുന്നത്​. ഐ.സി.യുകൾ, വാർഡുകൾ തുടങ്ങിയ സംവിധാനങ്ങൾ ഇവിടെ ഒരുക്കുന്നുണ്ട്​. എന്നാൽ, ശുചീകരണ തൊഴിലാളികൾ ഉൾപ്പെടെ അത്യാവശ്യ ജീവനക്കാർമാത്രം കൂടുതലില്ല. പുതിയ ഏഴുനില കെട്ടിടത്തിലെ ജോലികൂടി ആ ജീവനക്കാരെ ഏൽപിക്കേണ്ടിവരുന്നത്​ ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കും. മെഡിക്കൽ കോളജ് ആശുപത്രിയിൽ ജീവനക്കാരുടെ കുറവ് നേരത്തേയുണ്ട്. ജീവനക്കാരെ പലവിധത്തിൽ എല്ലായിടങ്ങളിലേക്കും മാറ്റി ക്രമീകരിച്ചാണ്​ ആശുപത്രിയുടെയും സൂപ്പർ സ്​പെഷാലിറ്റിയുടെയും പ്രവർത്തനങ്ങൾ നിലവിൽ നടത്തുന്നത്​. 1969ൽ ഉള്ള സ്റ്റാഫ്​ പാറ്റേണാണ്​ ആശുപത്രിയിൽ ഇപ്പോഴും നിലനിൽക്കുന്നത്​. 1969ലേക്കാൾ രോഗികളുടെ എണ്ണം പതിൻമടങ്ങ്​ വർധിച്ചിട്ടും ജീവനക്കാരുടെ എണ്ണം മാത്രം വർധിച്ചിട്ടില്ല. ഡോക്ടർമാരുടെയും നഴ്​സുമാരുടെയും നഴ്​സിങ്​ അസിസ്റ്റന്‍റുമാരുടെയും രൂക്ഷമായ ക്ഷാമമാണ്​ ആശുപത്രിയിൽ ഉള്ളത്​. ഡോക്ടർമാരുടെ 457 തസ്തികയാണ്​ ഉള്ളത്​. അതിൽ 394 ഡോക്ടർമാർ മാത്രമാണുള്ളത്. രണ്ടു ​പേർ അനധികൃത അവധിയിലാണ്​. 500 നഴ്​സുമാരുടെ തസ്തിക ഉണ്ടെങ്കിലും 396 നഴ്​സുമാർ മാത്രമാണ്​ ആശുപത്രിയിലുള്ളത്​. 200 താൽക്കാലിക നഴ്​സുമാരും പ്രവർത്തിക്കുന്നുണ്ട്​. ആശുപത്രിയിൽ 1000 ലേറെ നഴ്​സുമാരുടെ സേവനം ആവശ്യമാണ്​. നഴ്​സിങ്​ അസിസ്റ്റന്‍റുമാർ 208 പേരാണുള്ളത്​. മെഡിക്കൽ കോളജ്​ ആശുപത്രി, സൂപ്പർപെഷാലിറ്റി ആശുപ​ത്രികളിലേക്ക്​ ഈ ജീവനക്കാരേയുള്ളൂ. നേരത്തേ മെഡിക്കൽ കോളജ് ആശുപത്രി​ മാത്രമായിരുന്നപ്പോൾ ഉള്ള ജീവനക്കാരുടെ തസ്തിക പ്രകാരമാണ്​ ഇപ്പോഴും ജീവനക്കാരുള്ളത്​. എന്നാൽ കൂടുതലായി സൂപ്പർ സ്​പെഷാലിറ്റി ആശുപത്രി നിലവിൽ വരുകയും അവിടേക്ക്​ കൂടി ജീവനക്കാ​രെ വിന്യസിക്കേണ്ട അവസ്ഥയുണ്ടാവുകയും ചെയ്തു. മെഡിക്കൽ കോളജിലെ ജീവനക്കാരെയാണ്​ സൂപ്പർ സ്​പെഷാലിറ്റിയിലേക്കും നിയമിക്കുന്നത്​. നഴ്​സുമാർ, നഴ്​സിങ്​ അസിസ്റ്റന്‍റുമാർ, ശുചീകരണ തൊഴിലാളികൾ തുടങ്ങി എല്ലാ വിഭാഗം ജീവനക്കാരും രണ്ട്​ ആശുപത്രികളിലുമായി ഓടുകയാണ്​. അതിനിടെയാണ്​ പി.എം.എസ്​.എസ്​.വൈ ബ്ലോക്കുകൂടി തുറക്കുന്നത്​. ഏപ്രിലിൽ തുറക്കുമെന്ന്​ പറഞ്ഞിരുന്ന ബ്ലോക്ക്​ മൂന്നുമാസം കഴിഞ്ഞ്​ മാത്രമേ തുറക്കൂ. എങ്കിലും ജീവനക്കാരുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.