ഡയറ്റിൽ പിൻവാതിൽ നിയമനത്തിന് നീക്കം -യൂത്ത് ലീഗ്

കോഴിക്കോട്: വിദ്യാഭ്യാസവകുപ്പിന് കീഴിലെ ഡയറ്റില്‍ ലെക്ചറര്‍ തസ്തികയില്‍ 89 പേരെ പിൻവാതിലിലൂടെ സ്ഥിരപ്പെടുത്താന്‍ നീക്കമെന്ന് യൂത്ത്‍ ലീഗ് ജന. സെക്രട്ടറി പി.കെ. ഫിറോസ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു. 2018 നവംബറിലാണ് പാര്‍ട്ടിക്ക് താൽപര്യമുള്ള 89 പേരെ പ്രൈമറി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍നിന്ന് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ഡയറ്റില്‍ ലെക്ചർമാരായി നിയമിച്ചത്. സ്‌പെഷല്‍ റൂള്‍ ഫ്രെയിം ചെയ്തതിൽ ഭേദഗതി ആവശ്യമുണ്ടെന്ന കാരണം പറഞ്ഞാണ് പി.എസ്.സി വഴി നിയമനം നടത്താതെ ഡെപ്യൂട്ടേഷന്‍ നിയമനങ്ങള്‍ നടത്തിയത്. എന്നാല്‍, 2021 ഫെബ്രുവരിയിൽ സ്‌പെഷല്‍ റൂള്‍ ഫ്രെയിം ചെയ്തതിലെ അപാകതകള്‍ പരിഹരിച്ച് വിജ്ഞാപനമിറക്കിയിട്ടും സ്‌പെഷല്‍ റൂള്‍ അനുസരിച്ചുള്ള ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തില്ല. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഡയറ്റ് പ്രിന്‍സിപ്പൽമാര്‍ക്ക് അയച്ച കത്ത് പ്രകാരം 89 പേരെയും സ്ഥിരപ്പെടുത്താനുള്ള നീക്കമാണ് നടത്തുന്നതെന്ന് വ്യക്തമാണ്. ഈ 89 പേരും പാര്‍ട്ടി നേതാക്കളോ പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവരോ ആണ്. പ്രൈമറി, ഹൈസ്‌കൂള്‍ തലങ്ങളില്‍ ജോലിചെയ്ത പാര്‍ട്ടിക്കാര്‍ക്ക് കുറുക്കുവഴിയിലൂടെ ഉയര്‍ന്ന ശമ്പളവും പദവിയും ലഭ്യമാക്കുന്നതിനാണ് വഴിവിട്ട നീക്കങ്ങൾ. അനധികൃത നിയമന നീക്കത്തിൽനിന്ന് പിന്മാറിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും ഫിറോസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.