ഇംഹാൻസിൽ 'കളിമുറ്റം'

കോഴിക്കോട്​: അർപ്പണ മനോഭാവമുള്ളവരാണ് നാടിന്‍റെ സമ്പത്തെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഭിന്നശേഷിക്കാരെ ഉയർത്തിക്കൊണ്ടുവരുക സർക്കാറിന്‍റെ ലക്ഷ്യമാണ്. പാഠ്യപദ്ധതിയിലുൾപ്പെടെ ഇതിനായുള്ള മാറ്റം കൊണ്ടുവരേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിൽ (ഇംഹാൻസ്) 'കളിമുറ്റം' എന്നപേരിൽ പണികഴിപ്പിച്ച കുട്ടികളുടെ പാർക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റോട്ടറി ക്ലബിന്‍റെ സഹകരണത്തോടെയാണ് കുട്ടികളുടെ പാർക്കിന്റെ നിർമാണം പൂർത്തീകരിച്ചത്. മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തികൾക്കുള്ള പരിശീലന-പുനരധിവാസ പദ്ധതിയായ യു-ടേൺ: ദി വേ ടു റിക്കവറി പ്രോജക്ടിലുള്ള ടീ കൗണ്ടർ, സെയിൽസ് കൗണ്ടർ എന്നിവയും ഉദ്ഘാടനം ചെയ്തു. റിക്കവറി ഫെസിലിറ്റേഷൻ പ്രോജക്ടിനുള്ള (ആർ.എഫ്.പി) ഫണ്ട് ലഭ്യമാക്കുന്നത് സാമൂഹ്യനീതി വകുപ്പാണ്. സൈക്കോതെറപ്പി, സോഷ്യൽ സ്കിൽ ട്രെയ്നിങ്, തൊഴിൽ പരിശീലനം എന്നിവ നൽകി ഭിന്നശേഷിക്കാരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സോഷ്യൽ സ്കിൽ ട്രെയ്നിങ്ങിന്റെ ഭാ​ഗമായി നിർമിച്ച ആർ.എഫ്.പി ടീ കൗണ്ടർ എം.കെ. രാഘവൻ എം.പിയും സെയിൽസ് കൗണ്ടർ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എയും ഉദ്ഘാടനം ചെയ്തു. ടി.കെ. രാധാകൃഷ്ണൻ അധ്യക്ഷനായി. ഇംഹാൻസ് ഡയറക്ടർ ഡോ. പി. കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. ഡോ. പി.എൻ. അജിത, കോർപറേഷൻ കൗൺസിലർ ഇ.എം. സോമൻ തുടങ്ങിയവർ പങ്കെടുത്തു. പി.സി.കെ. രാജൻ സ്വാ​ഗതവും ടി. രേഷ്മ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.