കൃഷിയിൽ അഞ്ചു പതിറ്റാണ്ടിന്റെ പാരമ്പര്യവുമായി ഭാസ്കരൻ നായർ

നന്മണ്ട: കൃഷി തപസ്യയാക്കി ഭാസ്കരൻ നായർ. ശബരിമല ഗുരുസ്വാമിയായ നന്മണ്ട വയലിൽ ഭാസ്കരൻ നായരാണ് പുതുതലമുറക്ക് കൃഷിപാഠം പകർന്നുനൽകുന്നത്. അഞ്ചു പതിറ്റാണ്ടായി പാടത്തും പറമ്പിലുമായി കൃഷി ചെയ്യുന്നു. ജൈവകൃഷിയിൽ നന്മണ്ടയുടെ ബ്രാൻഡ് അംബാസഡറാണ്. കൃഷിക്കാരെ സർക്കാറും കൃഷി വകുപ്പും പ്രോത്സാഹിപ്പിക്കുന്ന കാലത്തിന് മുമ്പേനടന്ന ഇദ്ദേഹത്തിൽനിന്ന് പുതുതലമുറക്ക് ഒട്ടേറെ കൃഷി അറിവുകൾ സ്വായത്തമാക്കാനുണ്ട്. വിഷുവിനും ഓണത്തിനും മാത്രമല്ല, ശബരിമല സീസണിലും തികച്ചും ജൈവരീതിയിലുള്ള കൃഷി ഇറക്കാറുണ്ട്. കണിവെള്ളരിയും കൃഷിയിടത്തിൽ സുലഭം. കൂടാതെ വെള്ളരി, മത്തൻ, പടവലം, ചീര, പച്ചമുളക്, വെണ്ട, നീളൻപയർ, പാവക്ക, വഴുതിന അടക്കമുള്ള പച്ചക്കറികൾ, വാഴകൃഷി, ഇടവിളയായി ചേമ്പ്, ചേന, മഞ്ഞൾ, ഇഞ്ചി എന്നിവയും കൃഷി ചെയ്യുന്നു. ഒട്ടേറെ കർഷക അവാർഡുകളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. നന്മണ്ട ഗ്രാമ പഞ്ചായത്ത്, കൃഷിഭവൻ, സഹകരണ ബാങ്ക്, കൊളത്തൂർ അദ്വൈതാശ്രമം എന്നിവ മികച്ച കർഷകനായി തെരഞ്ഞെടുത്തതും ഭാസ്കരൻ നായരെതന്നെ. ഒരു നീന്തൽ പരിശീലകൻകൂടിയായ ഭാസ്കരൻ നായർ ഇനി കൃഷിയിടത്തിൽനിന്നും വിദ്യാർഥികൾക്കുള്ള അവധിക്കാല നീന്തൽ പരിശീലനക്കളരിയിലേക്കുള്ള ചുവടുവെപ്പിലാണ്. പടം; കൃഷിയിടത്തിൽ വയലിൽ ഭാസ്കരൻ നായർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.