പെസഹ ഇന്ന്, നാളെ ദുഃഖ വെള്ളി

കോഴിക്കോട്: ​യേശു ക്രിസ്തുവിന്റെ അന്ത്യഅത്താഴത്തിന്‍റെ ഓർമ പങ്കിട്ട്​ ലോകമെങ്ങും വിശ്വാസികൾ വ്യാഴാഴ്ച പെസഹ ആചരിക്കും. ക്രിസ്തുവിന്‍റെ പീഡാസഹനവും കുരിശുമരണവും വഴി പാപത്തിൽനിന്നു രക്ഷയിലേക്കും ദൈവികജീവനിലേക്കുമുള്ള കടന്നുപോകലാണ്​​ പെസഹ. അന്ത്യഅത്താഴത്തിനു മുമ്പ്​ യേശു 12 ശിഷ്യരുടെയും പാദം കഴുകിയ ഓർമയിൽ ദേവാലയങ്ങളിൽ ശുശ്രൂഷ മധ്യേ കാൽകഴുകൽ കർമം നടക്കും. പെസഹ വിഭവങ്ങളായ കുരിശപ്പവും പാലും വിതരണം ചെയ്യും. യേശു വിശുദ്ധ കുർബാന സ്ഥാപിച്ചത് പെസഹ വ്യാഴാഴ്ചയാണെന്നാണ്​ വിശ്വാസം. ജില്ല കോടതിക്ക്​ സമീപം മദർ ഓഫ്​ ഗോഡ്​ കത്തീഡ്രലിൽ കാൽകഴുകൽ ശുശ്രൂഷയും 15ന്​ ദുഃഖവെള്ളിയോടനുബന്ധിച്ച്​ കുരിശിന്‍റെ വഴിയും ഉണ്ടാവും. സിറ്റി സെന്‍റ്​ ജോസഫ്​സ്​ തീർഥാടന ദേവാലയത്തിൽ ഫാ. റെനി ഫ്രാൻസിസ്​ റോഡ്രിഗസിന്‍റെ നേതൃത്വത്തിൽ തിരുവത്താഴ ദിവ്യബലി നടക്കും. ദുഃഖവെള്ളി ദിവസം കുരിശിന്‍റെ വഴി ചടങ്ങിനെ ബിഷപ്​​ ഡോ. വർഗീസ്​ ചക്കാലക്കൽ ആശീർവദിക്കും. നഗരത്തിലെ വിവിധ ദേവാലയങ്ങളിലും ചടങ്ങുകൾ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.