വി.ഡി. സതീശന്റെ പ്രസ്താവന യാഥാർഥ്യബോധത്തോടെ -യു.ഡി.എഫ്

കോഴിക്കോട്: കോർപറേഷൻ ഓഫിസിന് മുന്നിൽ യു.ഡി.എഫ് കൗൺസിലർമാരുടെ പ്രതിഷേധ സംഗമത്തിൽ നിയമസഭ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിയ പ്രസ്താവന യാഥാർഥ്യബോധത്തോടെയുള്ളതും വസ്തുതാപരവുമെന്ന് യു.ഡി.എഫ് കൗൺസിൽ പാർട്ടി ലീഡർ കെ.സി. ശോഭിതയും ഉപനേതാവ് കെ. മൊയ്തീൻകോയയും പറഞ്ഞു. മേയർ കഴിഞ്ഞ ദിവസം നടത്തിയ വാർത്തസമ്മേളനത്തോട്​ പ്രതികരിക്കുകയായിരുന്നു അവർ. പാർക്കിങ് പ്ലാസക്ക് ശിലയിടുമെന്നാണിപ്പോൾ മേയർ പറയുന്നത്. എത്ര വർഷം മുമ്പ് ആസൂത്രണം ചെയ്തതാണ് ഇതെന്നുകൂടി വ്യക്തമാക്കുമ്പോൾ വികസന മുരടിപ്പിന്റെ ചരിത്രം പുറത്തുവരും. സ്മാർട്ട് പാർക്കിങ് എന്ന ഇപ്പോഴത്തെ പദ്ധതി പരിതാപകരമാണ്. ഭൂമി കൈവശം ഉണ്ടായിട്ടുപോലും പാർക്കിങ് പ്ലാസ നിർമാണ പ്രവൃത്തി വൈകിയതിന്‍റെ ഉത്തരവാദിത്തം ഭരണകൂടത്തിനാണ്. മാങ്കാവിൽ ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ച വർക്കിങ് വിമൻസ് ഹോസ്റ്റൽ 20 വർഷം മുമ്പ് നിർമാണപ്രവൃത്തി ആരംഭിച്ചതാണ്. ഞെളിയൻപറമ്പിലെ വേസ്റ്റ് എനർജി പ്ലാന്‍റ്​ പ്രവൃത്തിക്ക് എത്ര തവണ കരാർ നീട്ടിക്കൊടുത്തു? കോർപറേഷൻ ഓഫിസ് കെട്ടിട നവീകരണ പ്രവൃത്തി പണിതീരാത്ത വീടുപോലെ എത്ര വർഷമായി ഇഴഞ്ഞുനീങ്ങുന്നു. ഷീ ലോഡ്ജ് ഒരുവർഷം മുമ്പ് ഉദ്ഘാടനം ചെയ്തിട്ടും തുറന്നുകൊടുത്തില്ല. ഷീ ലോഡ്ജ് വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം പണി തീർന്നിട്ടും വൈദ്യുതീകരിക്കാൻ വൈകി. 2017ൽ പണി തീർന്ന ടോയ്‌ലറ്റുകൾ പോലും തുറന്നുകൊടുത്തില്ല. മഹിളമാൾ വനിത സംരംഭകരെ വഞ്ചിച്ച ചരിത്രത്തെക്കുറിച്ച് മേയറും ഡെപ്യൂട്ടി മേയറും സത്യാവസ്ഥ വെളിപ്പെടുത്തണം. ശുചിമുറി മാലിന്യ പ്ലാൻറ് പദ്ധതി കോതി, ആവിക്കൽ തോട് എന്നിവിടങ്ങളിലേക്ക് ആസൂത്രണം ചെയ്തത് അബദ്ധമായിരുന്നുവെന്ന കാര്യം ഇപ്പോഴെങ്കിലും ഭരണകൂടം അംഗീകരിക്കണമെന്നും അവർ വാർത്തക്കുറിപ്പിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.