ഉടമക്ക് വിട്ടുനൽകിയ മണൽ തോണികൾ കണ്ടുകെട്ടാൻ ഉത്തരവ്

മാവൂർ: അനധികൃത മണലെടുപ്പിനെതിരെയുള്ള പൊലീസ് നടപടിക്കിടെ പിടികൂടുകയും പിന്നീട് ആർ.ഡി.ഒ കോടതി വിട്ടുകൊടുക്കുകയും ചെയ്ത തോണി സർക്കാറിലേക്ക് കണ്ടുകെട്ടാൻ ഉത്തരവ്. ചാലിയാറിലെ കൽപള്ളി കടവിൽനിന്ന് പിടിച്ചെടുത്ത തോണി കണ്ടുകെട്ടാനാണ് കോഴിക്കോട് സബ് ഡിവിഷനൽ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. തോണി പിടിച്ചെടുത്തതും തുടർന്നുള്ള സംഭവങ്ങളും മാവൂരിൽ ഏറെ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. 2021 നവംബർ അഞ്ചിന് മാവൂർ പ്രിൻസിപ്പൽ എസ്.ഐ രേഷ്മയുടെ നേതൃത്വത്തിലാണ് രണ്ട് തോണികൾ പിടിച്ചെടുത്തത്. ഇവ ക്രെയിൻ ഉപയോഗിച്ച് മാവൂർ സ്റ്റേഷൻ വളപ്പിലേക്ക് എത്തിക്കുകയും ചെയ്തു. നടപടിക്കിടെ മൂന്ന് തോണികൾ ചിലരെത്തി പുഴയിൽ താഴ്ത്തിയിരുന്നു. പിടിച്ചെടുത്ത തോണിയിലൊന്നാണ് ഉടമ ആർ.ഡി.ഒ കോടതിയെ സമീപിച്ചതിനെ തുടർന്ന് വിട്ടുകൊടുത്തത്. തുടർന്ന് ഫെബ്രുവരി 15ന് ഉടമ തോണി ക്രെയിൻ ഉപയോഗിച്ച് കൊണ്ടുപോയി. ഈ തോണിയാണ് പിടിച്ചെടുത്ത് സർക്കാറിലേക്ക് കണ്ടുകെട്ടാൻ ഉത്തരവായത്. കസ്റ്റഡിയിലെടുത്ത രണ്ട് തോണികൾ മണൽ സഹിതമല്ല പിടികൂടിയതെങ്കിലും മണൽ ഖനനത്തിന് ഉപയോഗിക്കുന്നതിനുള്ള പ്രത്യേക നിർമിതിയും ദീർഘകാലം മണൽവാരലിന് ഉപയോഗിച്ചതിന്റെ ലക്ഷണങ്ങളും തോണികളിൽ ഉണ്ടെന്ന് പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. ബന്ധപ്പെട്ട എല്ലാ രേഖകളും കോടതി പരിശോധിച്ചതിൽ അനധികൃതമായി പുഴമണൽ കടത്തുന്നതിന് ശ്രമം നടന്നതായി കോടതിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതിയ വിധി. തോണി രണ്ട് ദിവസത്തിനകം മാവൂർ പൊലീസ് സബ് ഇൻസ്പെക്ടർ മുമ്പാകെ ഹാജരാക്കാനാണ് നിർദേശം. അല്ലാത്ത പക്ഷം മാവൂർ പൊലീസ് സബ് ഇൻസ്പക്ടർ ഉടനടി തോണി കസ്റ്റഡിയിലെടുത്ത് വിവരം കോടതിയെ രേഖാമൂലം അറിയിക്കാനും ഉത്തരവിൽ പറയുന്നുണ്ട്. പിടിച്ചെടുത്ത തോണി സബ് ഡിവിഷനൽ മജിസ്ട്രേറ്റ് നിശ്ചയിക്കുന്ന തുക റിവർ മാനേജ്മെന്റിൽ അടച്ച് ഉടമയോ ഉടമയുടെ നിയന്ത്രണമുള്ള ആളോ കൊണ്ടുപോകുന്നില്ലെങ്കിൽ ലേലം ചെയ്ത് വിൽക്കാനും ഉത്തരവിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.