'നായ്ക്കും നരിക്കുമില്ലാത്ത' അവസ്ഥയിൽ കെ.എസ്​.ആർ.ടി.സി വ്യാപാരസമുച്ചയം

*കെ.എസ്​.ആർ.ടി.​സിക്ക്​ ലഭിക്കേണ്ട വരുമാനം മുടങ്ങൽ അനിശ്ചിതമായി തുടരുകയാണ് സ്വന്തം ലേഖകൻ കോഴിക്കോട്​: കെ.എസ്​.ആർ.ടി.സി വ്യാപാരസമുച്ചയം അപകടത്തിലാണെന്നും ഉടൻ കെട്ടിടം ബലപ്പെടുത്തണമെന്നുമുള്ള മ​ദ്രാസ്​ ഐ.ഐ.ടിയുടെ റിപ്പോർട്ടിൻമേൽ നടപടി എടുക്കാനാവാതെ സർക്കാർ. ആദ്യം ഐ.ഐ.ടി റിപ്പോർട്ട്​ നടപ്പാക്കാൻ ഊർജിതനടപടി സ്വീകരിച്ച സർക്കാർ പലതരം വിവാദങ്ങൾ ഉയർന്നതോടെ നടപടികൾ നിർത്തിവെച്ചതാണ്​. ഇതിനി​ടെ ഐ.ഐ.ടി റിപ്പോർട്ട്​ പഠിക്കാൻ സർക്കാർ നിയോഗിച്ച സംസ്ഥാനത്തെ വിദഗ്​ധസമിതി കെട്ടിടത്തിന്​ കാര്യമായ പ്രശ്നങ്ങളില്ലെന്ന്​ റിപ്പോർട്ട്​ നൽകി. സംസ്ഥാന വിദഗ്​ധ സമിതിയുടെ റിപ്പോർട്ട്​ അംഗീകരിക്കാനാവില്ലെന്ന്​ ​ഐ.ഐ.ടി വീണ്ടും മറുപടി കൊടുത്തതോടെ സർക്കാർ വെട്ടിലായി. സംസ്ഥാന ചീഫ്​ ടെക്നിക്കൽ എക്സാമിനർ അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ടാണ്​ മ​​ദ്രാസ്​ ഐ.ഐ.ടി തള്ളിയത്​. വിഷയം അനിശ്ചിതത്വത്തിലായതോടെ സംസ്ഥാന വിദഗ്​ധ സമിതിയിലെ അംഗങ്ങൾ കഴിഞ്ഞ ദിവസം ചെ​ന്നൈ ​ഐ.ഐ.ടിയിൽ പോയി സ്​ട്രക്​ചറൽ എൻജിനീയറിങ്​ മേധാവി അളകസുന്ദരമൂർത്തിയുമായി കൂടിക്കാഴ്ചക്കുപോയിരുന്നു. ഇതിന്‍റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. അതിനിടെ ബലക്ഷയത്തിന്‍റെ പേരുപറഞ്ഞ്​ കെ.എസ്​.ആർ.ടി.​സിക്ക്​ ലഭിക്കേണ്ട വരുമാനം മുടങ്ങൽ അനിശ്ചിതമായി തുടരുകയാണ്​. പ്രതിമാസം 43.20 ലക്ഷം രൂപ നിശ്ചയിച്ച്​ അലിഫ്​ ബിൽഡേഴ്​സിന്​ വ്യാപാരസമുച്ചയം കൈമാറിയത്​ കഴിഞ്ഞ ആഗസ്റ്റിലാണ്​. ഒക്​ടോബറിലാണ്​ ഐ.ഐ.ടി റിപ്പോർട്ട്​ വരുന്നത്​. അതോടെ അലിഫ്​ ബിൽഡേഴ്​സിന്​ വാടക നൽകുന്നതിന്​ മൊറട്ടോറിയം നീട്ടിക്കൊടുത്തു. ഫലത്തിൽ ഏഴു​ വർഷമായി തുടരുന്ന വരുമാന നഷ്ടം അനിശ്ചിതമായി നീളുകയാണ്​. 2015ൽ ഉദ്​ഘാടനം ചെയ്ത വ്യാപാരസമുച്ചയമാണ്​ 'നായ്ക്കും നരിക്കുമില്ലാത്ത' അവസ്ഥയിൽ കിടക്കുന്നത്​. 200 കോടിയിലേറെ രൂപയുടെ ബാധ്യത ഇപ്പോൾ ഈ കെട്ടിടത്തിന്‍റെ പേരിൽ സർക്കാറിനുണ്ട്​. സർക്കാർ ധനകാര്യസ്ഥാപനമായ ​കെ.ടി.ഡി.എഫ്.​സിയാണ്​ പണം മുടക്കിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.