അധികൃതരുടെ ഒത്തുകളി; ലക്ഷങ്ങൾ ചെലവഴിക്കുന്നത്​ ഉടൻ പൊളിച്ചുമാറ്റേണ്ട ഓവുചാലിന്​

കക്കോടി: അധികൃതരുടെ വഴിവിട്ട നടപടിയിൽ നടക്കുന്ന റോഡ്​ പണിമൂലം സർക്കാറിന്​ നഷ്ടമാകുന്നത്​ ലക്ഷങ്ങളെന്ന്​ ആക്ഷേപം. കക്കോടി അംശക്കച്ചേരി- ചെറുകുളം റോഡിന്‍റെ വികസനത്തിന്​ ഭൂമി ഏറ്റെടുക്കുന്ന നടപടികൾ പുരോഗമിക്കവെയാണ്​ ലക്ഷങ്ങൾ മുടക്കി താൽക്കാലിക പ്രവൃത്തികൾ നടത്തുന്നതായി ആരോപം. കൂടത്തുംപൊയിൽ ഭാഗത്ത്​ വെള്ളക്കെട്ട്​ അനുഭവപ്പെടുന്നതിനാലാണ്​ ലക്ഷങ്ങൾ മുടക്കി റോഡിന്‍റെ ഇരുഭാഗത്തും ഓവുചാൽ നിർമിച്ച്​ റോഡുയർത്തി ടാറിങ്​ പണി നടത്തുന്നത്​. എന്നാൽ, അംശക്കച്ചേരി റോഡിന്‍റെ നവീകരണം വരുന്നതോടെ ഇവ പൊളിച്ചുമാറ്റേണ്ടിവരുമെന്ന്​ പി.ഡബ്ല്യൂഡി ഉദ്യോഗസ്ഥർതന്നെ സമ്മതിക്കുന്നു. അം​ശക്കച്ചേരി റോഡ്​ യാഥാർഥ്യമാകാൻ ഏറെ സമയമെടുക്കുമെന്ന്​ ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും റോഡ്​ നവീകരണത്തിന്​ ഭൂമി ഏറ്റെടുക്കുന്നതിനായി ഉടമകളുടെ യോഗം ഈ മാസം 27ന്​ വിളിച്ചിട്ടുണ്ട്​. കക്കോടി വില്ലേജിലെ മക്കട ദേശത്ത് റീ.സ 97ൽപെട്ട ഭൂ ഉടമകൾ സ്ഥലം സ്പെഷൽ റവന്യൂ ഇൻസ്പെക്ടറേയും സർവേയറേയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന്​ സ്പെഷൽ തഹസിൽദാർ നോട്ടീസ് നൽകി​. ലക്ഷങ്ങൾ മുടക്കിയുള്ള താൽക്കാലിക അറ്റകുറ്റപ്പണികളിൽ ക്രമക്കേടുണ്ടെന്ന്​ പ്രദേശവാസികൾ പറയുന്നു. എന്നാൽ, പ്രദേശത്തെ വെള്ളക്കെട്ടിനും ഗതാഗതക്കുരുക്കിനും​ പരിഹാരമെന്ന നിലയിൽ ജനാഭിപ്രായത്തിന്‍റെ അടിസ്ഥാനത്തിലാണ്​ പ്രവൃത്തികൾ നടത്തുന്നതെന്ന്​ എല്ലാ പ്രവൃത്തികളും നിയമാനുസൃതമാണെന്നും ബന്ധപ്പെട്ട പി.ഡബ്ല്യൂ.ഡി എൻജിനീയർ അറിയിച്ചു. അറ്റകുറ്റപ്പണികൾ തടഞ്ഞു കക്കോടി: അംശക്കച്ചേരി- കൂടത്തുംപൊയിൽ റോഡിന്‍റെ അറ്റകുറ്റപ്പണികൾ തടഞ്ഞു. പൊടിശല്യം രൂക്ഷമായതിനെ തുടർന്ന്​ പ്രദേശവാസികൾക്ക്​ ദുരിതമായതോടെയാണ്​ തിങ്കളാഴ്ച രാവിലെ പ്രവൃത്തി തടഞ്ഞത്​. ​ഓവുചാലിന്‍റെയും റോഡിന്‍റെയും പ്രവൃത്തികളാണ്​ മാസങ്ങളായി നടക്കുന്നത്​. റോഡ്​ നനച്ച് പൊടിശല്യമില്ലാതാക്കിവേണം പ്രവൃത്തി നടത്തേണ്ടതെന്നും ആവശ്യപ്പെട്ടാണ്​ മണ്ഡലം കോൺഗ്രസ്​ കമ്മിറ്റി പ്രസിഡന്‍റ്​ കിഷോർ അറോട്ടിലിന്‍റെ നേതൃത്വത്തിൽ പ്രവൃത്തി തടഞ്ഞത്​. പ്രശ്​നത്തിന്​ പരിഹാരമുണ്ടാക്കുമെന്ന്​ പി.ഡബ്ല്യൂ.ഡി അസി. എൻജിനീയർ അറിയിച്ചു.​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.