മുക്കം: കോടികൾ ചെലവഴിച്ച കെട്ടിടം നിർമിച്ചിട്ടും തിരുവമ്പാടി ഐ.എച്ച്.ആർ.ഡി കോളജ് ഇപ്പോഴും വാടക കെട്ടിടത്തിൽ. സ്വന്തം കെട്ടിടമെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ വിദ്യാലയങ്ങൾ കാത്തിരിക്കുന്ന കാലഘട്ടത്തിലാണ് പണി പൂർത്തീകരിച്ച് നാല് വർഷമായിട്ടും ഒരു ദിവസം പോലും തുറന്ന് പ്രവർത്തിക്കാതെ കോളജിനായി നിർമിച്ച കെട്ടിടം അനാഥമായി കിടക്കുന്നത്. 2008ൽ ജോർജ് എം. തോമസ് എം.എൽ.എ ആയിരുന്ന സമയത്താണ് തിരുവമ്പാടി ഐ.എച്ച്.ആർ.ഡി കോളജ് അനുവദിച്ചത്. അന്ന് മുതൽ മുക്കം പാലത്തിന് സമീപത്തെ ഷോപ്പിങ് കോപ്ലക്സിൻെറ മുകൾനിലയിലാണ് കോളജ് പ്രവർത്തിക്കുന്നത്. ബി.കോം, ബി.എസ്സി, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് കോഴ്സുകളിലായി 250 നടുത്ത് വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്. 30 ജീവനക്കാരുമുണ്ട് കളിസ്ഥലം പോയിട്ട് ഒന്ന് പുറത്തിറങ്ങാൻപോലും സൗകര്യം ഇവിടെയില്ല. കോളജിനായി അന്നത്തെ കാരശ്ശേരി പഞ്ചായത്ത് ഭരണസമിതി മൈസൂർമലയിൽ ഒരേക്കർ സ്ഥലം വാങ്ങാൻ നടത്തിയ നീക്കം വിജയിച്ചില്ല. ഇത് പിന്നീട് രാഷ്ട്രീയ തർക്കങ്ങൾക്ക് ഹേതുവായി എന്നല്ലാതെ കാര്യം നടന്നില്ല. പിന്നീട് വന്ന ഭരണ സമിതിയുടെ ശ്രമഫലമായി സ്വകാര്യ വ്യക്തിയിൽനിന്ന് തോട്ടക്കാട് 1. 20 ഏക്കർ സ്ഥലം സൗജന്യമായി ലഭ്യമാക്കി. ഇവിടെ സി. .മോയിൻകുട്ടി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 2.5 കോടി ചെലവഴിച്ച് ബഹുനില കെട്ടിടം നിർമ്മിച്ചു. സമീപമുള്ള തോട്ടക്കാട് -തോട്ടുമുക്കം റോഡ് നവീകരിക്കുകയും ചെയ്തു. പണി കഴിപ്പിച്ച കെട്ടിടത്തിന് അനുബന്ധ സൗകര്യങ്ങളുടെ അഭാവമാണ് കോളജ് കെട്ടിടം പ്രവർത്തിക്കാൻ തടസ്സം. പ്രധാന റോഡിൽനിന്ന് കോളജിലേക്ക് ആവശ്യമായ വീതിയിൽ റോഡില്ലാത്തതും കുടിവെള്ളസൗകര്യമില്ലാത്തതും കെട്ടിടത്തിന് റാമ്പില്ലാത്തതുമാണ് വിഘാതമായി നിൽക്കുന്നത്. പോരായ്മകൾ സംബന്ധിച്ച് ഇടതുവലത് മുന്നണികൾ തമ്മിൽ രാഷ്ട്രീയ പ്രതിവാദങ്ങൾ തുടരുമ്പോഴും കോളജ് ഇപ്പോഴും അസൗകര്യങ്ങൾ നിറഞ്ഞ വാടക കെട്ടിടത്തിലാണ്. വർഷം മൂന്ന് ലക്ഷം രൂപ തോതിൽ വാടകയിനത്തിൽ പൊതുഖജനാവിൽനിന്ന് ചെലവഴിക്കുകയും ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.