ആയഞ്ചേരിയിൽ കോവിഡ് ഹെൽപ് ഡെസ്ക് ഒരുക്കും

ആയഞ്ചേരി: ഗ്രാമപഞ്ചായത്ത് ഓഫിസിൽ കോവിഡ് ഹെൽപ് ഡെസ്ക് സജ്ജീകരിക്കാൻ പഞ്ചായത്ത് ഹാളിൽ ചേർന്ന് സ്​റ്റിയറിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. കോവിഡ് വ്യാപനം അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഡോക്ടർമാരുടെയും, ആരോഗ്യ പ്രവർത്തകരുടെയും സേവനങ്ങൾ, കോവിഡ് പരിശോധന, പ്രതിരോധ കുത്തിവെപ്പ്​ തുടങ്ങി എല്ലാ ആവശ്യങ്ങൾക്കും പൊതുജനങ്ങൾക്ക് നേരിട്ട് ഹെൽപ് ഡെസ്കുമായി ബന്ധപ്പെടാം. കോവിഡ് രോഗികൾക്കും, രോഗലക്ഷണം ഉള്ളവർക്കും ആശുപത്രിയിൽ പോകാനും മറ്റും വാഹനങ്ങൾ ലഭിക്കുന്നില്ലെന്ന പരാതിയെ തുടർന്ന് പഞ്ചായത്തിൽ മുഴുസമയം സേവന സജ്ജരായ വാഹനം ഏർപ്പാട് ചെയ്യുകയും ചെയ്തു. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെയും ആർ.ആർ.ടി വളണ്ടിയർമാർ, സെക്ട്രൽ മജിസ്ട്രേറ്റ്, കോവിഡ് ചുമതലയുള്ള അധ്യാപകർ തുടങ്ങിയവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും, ഏകോപിപ്പിക്കുന്നതിനുമായി ബ്ലോക്ക് ജോയൻറ് ബി.ഡി.ഒ ജോണിനെ പഞ്ചായത്ത് കോഡിനേറ്ററായി ചുമതലപ്പെടുത്തി. കോവിഡ് രോഗികൾക്ക് കൗൺസലിങ്​ സേവനവും ഉടൻ ലഭ്യമാക്കും. യോഗത്തിൽ പ്രസിഡൻറ്​ കാട്ടിൽ മൊയ്തു മാസ്​റ്റർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ്​ കെ.എ. സരള, സ്ഥിരം സമിതി അധ്യക്ഷൻമാരായ അഷറഫ് വെള്ളിലാട്ട്, പി.എം. ലതിക, ടി.വി. കുഞ്ഞിരാമൻ മാസ്​റ്റർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.